'ക്ഷമയെ കുറിച്ച് ഇങ്ങോട്ട് ക്ലാസ് വേണ്ട'; കര്‍ഷക നിയമങ്ങളില്‍ സുപ്രിംകോടതി നടത്തിയ അഞ്ചു പ്രധാന ഉദ്ധരണികള്‍
അറ്റോര്‍ണി ജനറലിനോട് ഇതുവരെയില്ലാത്ത വിധം രൂക്ഷമായ പ്രതികരണമാണ് കോടതി നടത്തിയത്

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങളില്‍ വാദം കേട്ട സുപ്രിംകോടതി ഇന്ന് കേന്ദ്രസര്‍ക്കാറിനെതിരെ നടത്തിയത് രൂക്ഷമായ പരാമര്‍ശങ്ങള്‍. നിയമം കൊണ്ടു വരുന്നതിന് മുമ്പ് എന്തു കൂടിയാലോചനകളാണ് കര്‍ഷകരുമായി നടത്തിയത് എന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബഞ്ച് ചോദിച്ചു. കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിനോട് ഇതുവരെയില്ലാത്ത വിധം രൂക്ഷമായ പ്രതികരണമാണ് കോടതി നടത്തിയത്. വിഷയത്തില്‍ നാളെ കോടതി ഇടക്കാല വിധി പറയും.
കോടതിയുടെ അഞ്ചു സുപ്രധാന പ്രതികരണങ്ങള്‍ ഇങ്ങനെ;
കൃഷിയിലും സാമ്പത്തിക ശാസ്ത്രത്തിലും വിദഗ്ധരല്ല ഞങ്ങള്‍. ഈ നിയമങ്ങള്‍ ഇപ്പോള്‍ തടഞ്ഞുവയ്ക്കാന്‍ ആകുമോ നിങ്ങള്‍ പറയണം. ഇവിടെ പ്രിസ്റ്റീജിന്റെ പ്രശ്നം എന്താണ്? നിങ്ങള്‍ പ്രശ്നത്തിന്റെയോ പരിഹാരത്തിന്റെയോ, ഏതിന്റെ ഭാഗമാണ് എന്ന് ഞങ്ങള്‍ക്കറിയില്ല.
ഒരുപക്ഷേ സമാധാന പ്രശ്നമുണ്ടാകുമോ എന്ന ആശങ്ക ഞങ്ങള്‍ക്കുണ്ട്. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ നമ്മള് ഓരോരുത്തരും ഉത്തരവാദികളായിരിക്കും. ഞങ്ങളുടെ കൈകളില്‍ രക്തം പുരളാന്‍ ആഗ്രഹിക്കുന്നില്ല.
വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം നിരാശാജനകമാണ്. നിയമത്തിന് മുമ്പ് എന്തു കൂടിയാലോചനയാണ് നിങ്ങള്‍ നടത്തിയത് എന്നറിയില്ല. നിരവധി സംസ്ഥാനങ്ങള്‍ ഇതിനെതിരെയുണ്ട്. സൗഹാര്‍ദപരമായ ഒരു പരിഹാരം കൊണ്ടുവരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
പ്രതിഷേധിക്കാനുള്ള അവകാശം അക്ഷതമാണ്. ആ അവകാശം ഗാന്ധിജിയുടെ സത്യഗ്രഹം പോലെ പ്രയോഗിക്കണം. സമാധാനപരമായി പ്രതിഷേധിക്കുക.
സാഹചര്യം മോശമായിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ ആത്മഹത്യ ചെയ്യുന്നു. ഈ കാലാവസ്ഥയില്‍ എന്തിനാണ് വൃദ്ധരും സ്ത്രീകളും പ്രതിഷേധത്തിന്റെ ഭാഗമായിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാരെയും സ്ത്രീകളെയും കുട്ടികളെയും വീടുകളില്‍ പോകാന്‍ അനുവദിക്കണം.