LiveTV

Live

National

ഗോഡ്സെയിലെ 'ദേശീയവാദി'യെ തുറന്ന് കാണിക്കാന്‍ ലൈബ്രറി നിര്‍മ്മിച്ച് ഹിന്ദു മഹാസഭ

ഗോഡ്സെ എന്ന യഥാർത്ഥ ദേശീയവാദിയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനാണ് ലൈബ്രറി തുറന്നത്

ഗോഡ്സെയിലെ 'ദേശീയവാദി'യെ തുറന്ന് കാണിക്കാന്‍ ലൈബ്രറി നിര്‍മ്മിച്ച് ഹിന്ദു മഹാസഭ

വിശ്വ ഹിന്ദി ദിവസത്തിൽ മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഗോഡ്സെയുടെ പേരിൽ ലൈബ്രറി തുറന്ന് ഹിന്ദു മഹാസഭ. ദൗലത്ത് ഗഞ്ചിലെ മഹാസഭയുടെ ഓഫീസിലാണ് ഗോഡ്സെ ഗ്യാൻ ശാല ഉദ്ഘാടനം നടത്തിയത്. ഗോഡ്സെയുടെ ലേഖനങ്ങൾ, പ്രസംഗങ്ങൾ, മഹാത്മാഗാന്ധിയുടെ വധത്തെ എങ്ങനെ ആസൂത്രണം ചെയ്തു എന്നിങ്ങനെയുള്ള സാഹിത്യങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

''ഗോഡ്സെ എന്ന യഥാർത്ഥ ദേശീയവാദിയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനാണ് ലൈബ്രറി തുറന്നത്. അവിഭക്ത ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം നിന്നു മരിച്ചു. ഇന്നത്തെ വിവരമില്ലാത്ത യുവാക്കളിൽ ഗോഡ്സെ നിലകൊള്ളുന്ന യഥാർത്ഥ ദേശീയത വളർത്തുക എന്നതാണ് ലൈബ്രറിയുടെ ലക്ഷ്യം''എന്ന് ഹിന്ദു മഹാ സഭ വൈസ് പ്രസിഡന്റ് ജൈവീർ ഭരദ്വാജ് പറഞ്ഞു. ജവഹർലാൽ നെഹറുവിന്റെയും മുഹമ്മദലി ജിന്നയുടെയും ഭരണ താൽപര്യങ്ങൾക്കായിട്ടാണ് ഇന്ത്യ വിഭജിച്ചത് ഗോഡ്സെ അതിനെ എതിർത്തെന്നും ജാവീർ പറഞ്ഞു.

അതേസമയം, ''ഇന്ത്യ വിഭജനം മഹാത്മാഗാന്ധിയുടെ തെറ്റാണെന്നും ഇന്ത്യയെ വിഭജിക്കുന്നതിൽ മുഹമ്മദ് അലി ജിന്ന വിജയിച്ചത് മഹാത്മാഗാന്ധിയുടെ പിഴവാണെന്നും'' മധ്യപ്രദേശ് പ്രോട്ടേം സ്പീക്കർ രമേശ്വർ ശർമ ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുമ്പ്, ഗോഡ്സെയ്ക്കായി മഹാസഭ സമർപ്പിച്ച ക്ഷേത്രം ഗ്വാളിയർ ഓഫീസിൽ സ്ഥാപിച്ചിരുന്നെങ്കിലും കോൺഗ്രസിന്റെ എതിർപ്പിനെ തുടർന്ന് നീക്കം ചെയ്തു.