LiveTV

Live

National

പുതിയ കാർഷിക നിയമങ്ങൾ തത്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി; ഇടക്കാല ഉത്തരവ് നാളെ

നിയമം പാസ്സാക്കുന്നതിന് മുൻപ് മതിയായ കൂടിയാലോചനകൾ സർക്കാർ നടത്തിയില്ലെന്ന് കോടതി വിമർശിച്ചു. കേസിൽ നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

പുതിയ കാർഷിക നിയമങ്ങൾ തത്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി; ഇടക്കാല ഉത്തരവ് നാളെ

കാർഷിക പരിഷ്കരണ നിയമങ്ങൾ തത്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി. വിഷയം ചർച്ച ചെയ്യാൻ ഉന്നതതല സമിതി വേണമെന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. നിയമം പാസ്സാക്കുന്നതിന് മുൻപ് മതിയായ കൂടിയാലോചനകൾ സർക്കാർ നടത്തിയില്ലെന്ന് കോടതി വിമർശിച്ചു. കേസിൽ നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരുമായുള്ള ചർച്ചയിൽ സമവായം ഉണ്ടാക്കാത്തതിൽ അതൃപ്‌തി അറിയിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കേസിൽ വാദം കേട്ട് തുടങ്ങിയത്. നിയമം തത്കാലത്തേക്ക് മരവിപ്പിച്ചു കൊണ്ട് ചർച്ചകൾ നടത്തി കൂടെ എന്ന് കോടതി ചോദിച്ചു. എന്നാൽ അത് അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല. അങ്ങനെ എങ്കിൽ കോടതി നിയമം സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്, മുതിർന്ന അഭിഭാഷകർ എന്നിവർ അടക്കമുള്ള സമിതിയെ കോടതി നിശ്ചയിക്കും.

സമിതിയുമായുള്ള ചർച്ചക്ക് വഴിയൊരുക്കുന്നതിനാണ് സ്റ്റേ എന്ന് കോടതി വ്യക്തമാക്കി. സമരം തുടരാൻ കർഷകരെ അനുവദിക്കുമെങ്കിലും കോടതി പറയുന്ന സ്ഥലത്തേക്ക് സമര വേദി മാറ്റേണ്ടി വരും. സമരം ചെയ്യുന്ന പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരോട് വീടുകളിലേക്ക് മടങ്ങി പോകാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടുവെന്ന് പറയാൻ കർഷകരുടെ അഭിഭാഷകരെ ചുമതലപ്പെടുത്തി.

തീരുമാനം എടുക്കാൻ 15ആം തിയ്യതിയിലെ ചർച്ച കഴിയുന്നത് വരെ കാത്തിരിക്കണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ആളുകളുടെ ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശമാണ് ഏറ്റവും പ്രധാനമെന്ന് കോടതി വിശദീകരിച്ചു.