എ.എ.പി എം.എല്‍.എ സോംനാഥ് ഭാരതി ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മോശം ഭാഷയില്‍ സംസാരിച്ചു എന്ന് ആരോപിച്ചാണ് അറസ്റ്റ്.

എ.എ.പി എം.എല്‍.എ സോംനാഥ് ഭാരതി ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മോശം ഭാഷയില്‍ സംസാരിച്ചു എന്ന് ആരോപിച്ചാണ് അറസ്റ്റ്. അറസ്റ്റിന് തൊട്ടുമുന്‍പ് റായ് ബറേലിയില്‍ വെച്ച് ഒരു യുവാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു.
സോംനാഥ് ഭാരതിയുടെ അറസ്റ്റില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രതിഷേധിച്ചു.
യോഗിജി, ഞങ്ങളുടെ എംഎല്‍എ നിങ്ങളുടെ സ്കൂളുകള്‍ കാണാനാണ് വന്നത്. എന്നിട്ട് നിങ്ങള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു? നിങ്ങളുടെ സ്കൂളുകള്‍ കാണാന്‍ ആരെങ്കിലും പോകുമ്പോള്‍ എന്തിനാണ് ഇത്ര പരിഭ്രമം?അരവിന്ദ് കെജ്രിവാള്
എ.എ.പി നേതാവ് സഞ്ജയ് സിങ് പ്രതികരിച്ചത് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യം അതിരുകടക്കുന്നു എന്നാണ്. യു.പിയിലെ സ്കൂളുകളെയും ആശുപത്രികളെയും കുറിച്ച് ചോദിക്കുമ്പോള്‍ ഇത്തരത്തിലാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് സഞ്ജയ് സിങ് കുറ്റപ്പെടുത്തി.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തുറന്നുകാണിക്കുമെന്ന് സോംനാഥ് ഭാരതി പറഞ്ഞതിന് പിന്നാലെയായിരുന്നു അറസ്റ്റ്. "അജയ് ബിഷ്ട് (യോഗി ആദിത്യനാഥ്) ഒരു ഗുണ്ടയാണ്. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹത്തെ തുറന്നുകാണിക്കു"മെന്ന് സോംനാഥ് തന്റെ ചുറ്റിലും കൂടി നിന്നവരോട് പറയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ മോശം വാക്കുകളാണ് സോംനാഥ് ഭാരതി ഉപയോഗിച്ചതെന്ന് യോഗിയുടെ ഉപദേഷ്ടാവായ ശലഭ് ത്രിപാഠി പ്രതികരിച്ചു. സോംനാഥ് ഭാരതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചില്ല. അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.