LiveTV

Live

National

കാര്‍ഷിക നിയമഭേദഗതി; കര്‍ഷകരുമായി ആദ്യ കരാര്‍ ഒപ്പിട്ട് റിലയന്‍സ്

മിനിമം താങ്ങുവിലയേക്കാള്‍ 82 രൂപ അധികം നല്‍കിയാണ് റിലയന്‍സ് വിളകള്‍ സ്വീകരിക്കുക

കാര്‍ഷിക നിയമഭേദഗതി; കര്‍ഷകരുമായി ആദ്യ കരാര്‍ ഒപ്പിട്ട് റിലയന്‍സ്

റായ്ചൂര്‍: കാര്‍ഷിക നിയമഭേദഗതി ഉപയോഗപ്പെടുത്തി കര്‍ഷകരില്‍ നിന്ന് നേരിട്ടു വിളകള്‍ സംഭരിക്കാന്‍ കോര്‍പറേറ്റുകള്‍ നീക്കമാരംഭിച്ചു. ഇതിന്റെ ആദ്യപടിയായി റായ്ചൂരിലെ കര്‍ഷകരില്‍ നിന്ന് നെല്ല് നേരിട്ടുവാങ്ങാന്‍ റിലയന്‍സ് കരാര്‍ ഒപ്പിട്ടു. സിന്ധനൂര്‍ താലൂക്കിലെ ആയിരം ക്വിന്റല്‍ നെല്ലു വാങ്ങാനാണ് റിലയന്‍സിന്റെ കരാര്‍. മിനിമം താങ്ങുവിലയേക്കാള്‍ 82 രൂപ അധികം നല്‍കിയാണ് റിലയന്‍സ് വിളകള്‍ സ്വീകരിക്കുക.

രണ്ടാഴ്ച മുമ്പാണ് നെല്‍ക്കര്‍ഷകരുടെ കൂട്ടായ്മയായ സ്വസ്ഥ്യ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസിങ് (എസ്എഫ്പിസി) എന്ന കമ്പനിയുമായി റിലയന്‍സ് റീട്ടെയ്ല്‍ കരാറില്‍ ഏര്‍പ്പെട്ടത്. 1868 രൂപയായിരുന്നു ക്വിന്റലിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില. എന്നാല്‍ റിലയന്‍സ് 1950 രൂപയാണ് വിലയായി നല്‍കുക. മൂന്നാം കക്ഷിയാണ് വിളയുടെ ഗുണനിലവാരം പരിശോധിക്കുക.

നെല്ലിൽ 16 ശതമാനത്തിലധികം ഈര്‍പ്പമുണ്ടാകരുതെന്ന് വ്യവസ്ഥയുണ്ട്‌. കൂടാതെ ഓരോ നൂറ് രൂപയുടെ ഇടപാടിനും കര്‍ഷകര്‍ക്ക് 1.5 ശതമാനം കമ്മീഷൻ നല്‍കുമെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. വെയര്‍ഹൗസിലേക്ക് നെല്ല് എത്തിക്കാനുള്ള ചാക്കുകളുടെ വില നല്‍കേണ്ടത് കര്‍ഷകരാണ്.

ഗുണനിലവാരം തൃപ്തികരമായാല്‍ റിലയന്‍സ് ഏജന്റുമാര്‍ വിളകള്‍ സ്വീകരിക്കും. നിലവില്‍ അഞ്ഞൂറ് ക്വിന്റല്‍ വിളയാണ് സംഭരണ കേന്ദ്രത്തില്‍ സൂക്ഷിക്കുന്നത്. വിളകള്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ റിലയന്‍സ് ഓണ്‍ലൈനായി എസ്എഫ്പിസിക്ക് പണമയക്കും. ആ പണം ഞങ്ങള്‍ കര്‍ഷകര്‍ക്ക് അക്കൗണ്ട് വഴി കൈമാറുകയും ചെയ്യും
മല്ലികാര്‍ജുന്‍ വാല്‍കാല്‍ദിനി/ എസ്എഫ്പിസി എംഡി

എന്നാല്‍ കോര്‍പറേറ്റുകള്‍ ആദ്യഘട്ടത്തില്‍ വിളകള്‍ക്ക് നല്ല വില നല്‍കുമെന്നും പിന്നീട് കര്‍ഷകരെ ചൂഷണം ചെയ്യുമെന്നും കര്‍ണാടക രാജ്യരൈത സംഘ പ്രസിഡണ്ട് ചാമരാസ മാലിപാട്ടീല്‍ പറഞ്ഞു.

കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അനുസരിച്ചാണ് റിലയന്‍സ് കര്‍ഷകരുമായി കരാറില്‍ ഏര്‍പ്പെട്ടത്. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് മാര്‍ക്കറ്റ് കമ്മറ്റി അഥവാ എപിഎംസികളിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് വിളകള്‍ വിപണിയിലെത്തിക്കാവൂ എന്ന നിബന്ധന ഒഴിവാക്കി കൊണ്ട് കഴിഞ്ഞമാസമാണ് കര്‍ണാടകത്തില്‍ സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നത്.