പിന്നില്‍ നിന്നു കുത്തി; ബിഹാറില്‍ ബിജെപിക്കെതിരെ ജെഡിയു
ബിജെപി പ്രവര്‍ത്തകരോ നേതാക്കളോ പ്രചാരണത്തില്‍ സഹകരിച്ചില്ല.

പട്ന: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള സഹകരണവുമുണ്ടായില്ലെന്ന് ജെഡിയു സ്ഥാനാര്‍ത്ഥികള്‍. പട്നയില്‍ ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് തോറ്റ സ്ഥാനാര്‍ത്ഥികള്‍ സഖ്യകക്ഷിയായ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനങ്ങള്‍.
ബിജെപി പ്രവര്‍ത്തകരോ നേതാക്കളോ പ്രചാരണത്തില്‍ തങ്ങളുമായി സഹകരിച്ചില്ല. എന്‍ആര്‍സി വിഷയത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ സീമാഞ്ചല്‍ മേഖലയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കി. ചിരാഗ് പാസ്വാനെയും ബിജെപി തങ്ങള്‍ക്കെതിരെ ഉപയോഗിച്ചു- നേതാക്കള്‍ ആരോപിച്ചു.
മുതിര്‍ന്ന നേതാക്കളായ ചന്ദ്രിക റായ്, ബോഗോ സിങ്, ജയ് കുമാര്‍ സിങ്, ലലാന് പാസ്വാന്, അരുണ്‍ മാഞ്ചി, അസ്മ പര്‍വീണ്‍ തുടങ്ങിയവര്‍ എ്ല്ലാം ബിജെപിക്കെതിരെ സംസാരിച്ചു.
യോഗത്തില്‍ സംസാരിച്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നും ബിജെപിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മുഖ്യമന്ത്രി പദം സ്വീകരിച്ചതെന്നും വ്യക്തമാക്കി.
ബിജെപിയെ പരോക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. ആരാണ് ശത്രു, ആരാണ് മിത്രം എന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
തെരഞ്ഞെടുപ്പില്‍ 74 സീറ്റിലാണ് ബിജെപി ജയിച്ചിരുന്നത്. 2015ല്‍ 71 മണ്ഡലങ്ങളില്‍ ജയിച്ച ജെഡിയുവിന് ജയിക്കാനായിരുന്നത് 43 ഇടത്ത് മാത്രമാണ്. എട്ടു സീറ്റുകള്‍ എന്‍ഡിഎയിലെ മറ്റു ഘടകകക്ഷികള്‍ ജയിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബിജെപി നിതീഷിനെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു.