ക്രിസ്ത്യൻ പള്ളികളിലെ കുമ്പസാരത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി
കുമ്പസാരം വിശ്വാസത്തിന്റെ അഭിവാജ്യ ഘടകമാണോയെന്നു കോടതി പരിശോധിക്കേണ്ടതുണ്ട്

ക്രിസ്ത്യൻ പളളികളിലെ നിർബന്ധിത കുമ്പസാരത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി. വിശ്വാസിയുടെ ആചാരങ്ങൾ അടിച്ചേൽപ്പിക്കാൻ ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള തങ്ങളുടെ മൗലികാവകാശത്തിനു എതിരാണെന്ന് വാദിച്ചു കൊണ്ട് അഞ്ചു സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കേന്ദ്ര-കേരള സർക്കാരുകളെ കേസിൽ കക്ഷി ചേർക്കും. കേസ് കോടതി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കും. പ്രതികരിക്കാൻ മുതിർന്ന അഭിഭാഷകനായ മുകുൾ റോഹാത്ഗി കൂടുതൽ സമയം ചോദിച്ചതോടെയാണ് ഇത്. കേസിൽ പ്രധാനപ്പെട്ട ഭരണഘടനാ പ്രശനങ്ങൾ ഉണ്ടെന്നും കുമ്പസാരം നിർബന്ധിത മത ആചാരമാണോ എന്ന കാര്യത്തിൽ വ്യക്തത വേണ്ടതുണ്ടെന്നും മുകുൾ റോഹാത്ഗി പറഞ്ഞു.
"വിശ്വാസിയുടെ മേൽ കുമ്പസാരം അടിച്ചേൽപ്പിക്കാൻ ഒരു നിയമവുമില്ല. സ്ത്രീകൾ പുരോഹിതനു മുൻപാകെ കുമ്പസരിക്കാൻ നിർബന്ധിക്കപ്പെടുകയാണ്. കുമ്പസാരം വിശ്വാസത്തിന്റെ അഭിവാജ്യ ഘടകമാണോയെന്നു കോടതി പരിശോധിക്കേണ്ടതുണ്ട്." - അദ്ദേഹം പറഞ്ഞു
മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയിലെ നിർബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ടു മറ്റൊരു കേസിൽ ഡിസംബറിൽ സുപ്രീം കോടതി കേന്ദ്ര - കേരള സർക്കാരുകളുടെ പ്രതികരണം ആരാഞ്ഞിരുന്നു.