വിദ്യാര്‍ത്ഥിക്ക് സ്കൂളിലെത്തണം; ബസിന്റെ സമയം മാറ്റി ഒഡിഷ ഗതാഗത വകുപ്പ്
നിരവധി പേരാണ് ഗതാഗത വകുപ്പിന്റെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്

ഭുവനേശ്വര്‍: ഒരൊറ്റ വിദ്യാര്‍ത്ഥിയുടെ പഠനത്തിന് വേണ്ടി ബസിന്റെ സമയം തന്നെ മാറ്റി ഒഡിഷയിലെ ഗതാഗത വകുപ്പ്. ഭുവനേശ്വറിലെ എംബിഎസ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥി സായ് അന്വേഷ് അമൃതം പ്രധാനു വേണ്ടിയാണ് ഗതാഗത വകുപ്പ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
സ്കൂള്‍ സമയം ആരംഭിക്കുന്നത് 7.30നാണ്. എന്നാല്‍ പ്രധാന്റെ വീടുവഴിയുള്ള ബസ് ലിന്ഗിപൂരില് നിന്ന് യാത്രയാരംഭിക്കുന്നത് 7.40നും. സ്ഥിരമായി വൈകിയെത്തിയതോടെയാണ് ട്വിറ്ററില്‍ പ്രധാന് ഒരു നിവേദനം സമര്‍പ്പിച്ചത്.
ബസ് സമയം വൈകി വരുന്നതു കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുന്നു എന്നും സമയം മാറ്റുന്നു എങ്കില്‍ അങ്ങേയറ്റം കൃതജ്ഞതയുള്ളവന്‍ ആയിരിക്കും എന്നുമായിരുന്നു പ്രധാന്റെ ട്വീറ്റ്. ഭുവനേശ്വര്‍ അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് എംഡി അരുണ്‍ ബോത്രയെയും ഗതാഗതവകുപ്പിനെയും ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.
കുറച്ചു മണിക്കൂറുകള്‍ക്ക് അകം വിദ്യാര്‍ത്ഥിക്ക് അനുകൂലമായി ബോത്രയുടെ മറുപടി വന്നു. 'നിങ്ങളെ പോലുള്ള യാത്രക്കാര്‍ക്കായി അത്യധികം ഇഷ്ടത്തോടെയാണ് ബസ് ഓടുന്നത്. തിങ്കളാഴ്ച മുതല്‍ ബസ് ഏഴു മണിക്ക് പുറപ്പെടും. നിങ്ങള്‍ക്ക് ഒരിക്കലും ഇനി സ്കൂളില്‍ വൈകിപ്പോകേണ്ടി വരില്ല'.
നിരവധി പേരാണ് ഗതാഗത വകുപ്പിന്റെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഒരു പൊതുഗതാഗത വകുപ്പില്‍ നിന്ന് അപൂര്‍വ്വമാണെന്ന് ട്വിറ്റര്‍ ഉപഭോക്താക്കള്‍ കുറിച്ചു.
എന്ത് മനോഹരമായ മറുപടി, നിങ്ങളുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ആരാണ് ട്വിറ്റര്‍ വിദ്വേഷം പരത്തുന്നു എന്ന് പറയുന്നത്. കുട്ടികളെ സമയത്തിന് സ്കൂളിലെത്താന്‍ ട്വിറ്റര്‍ ഉറപ്പുവരുത്തുന്നു എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.