തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെ.പളനിസ്വാമിയെ നിശ്ചയിച്ച് എ.ഐ.എ.ഡി.എം.കെ
പാര്‍ട്ടിയെ നയിക്കാന്‍ 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ കൗണ്‍സില്‍ രൂപീകിച്ചു

ചെന്നൈ: എടപ്പാടി.കെ.പളനിസ്വാമിയെ തമിഴ്നാട് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. സഖ്യങ്ങളും സീറ്റ് വിതരണവും ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന് പളനിസ്വാമിക്കും ഒ.പന്നീര് സെല്‍വത്തിനും പാര്‍ട്ടി അധികാരം നല്കി.
പാര്‍ട്ടിയെ നയിക്കാന്‍ 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ കൗണ്‍സില്‍ രൂപീകിച്ചു. പളനിസ്വാമിയെ വിമര്‍ശിച്ച ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ പ്രസ്താവന യോഗം അപലപിച്ചു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ വിഷയത്തില്‍ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി കൂട്ടുകെട്ടില്‍ അതൃപ്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ എ.ഐ.എ.ഡി.എം.കെയുമായുള്ള ബി.ജെ.പിയുടെ സഖ്യം ശക്തമാണെന്ന പ്രസ്താവനയുമായി തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി രംഗത്തുവന്നിരുന്നു. തമിഴ്നാട്ടില്‍ എന്‍.ഡി.എയിലെ ഏറ്റവും വലിയ പങ്കാളിയാണ് എ.ഐ.എ.ഡി.എം.കെ, സ്വാഭാവികമായും മുഖ്യമന്ത്രി ആ പാര്‍ട്ടിയില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.