ലഡാക്കിൽ ചൈനീസ് സൈനികൻ പിടിയിൽ
കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഇത് രണ്ടാം തവണയാണ് ചൈനീസ് സൈനികൻ പിടിയിലായത്

ലഡാക്കിൽ ചൈനീസ് സൈനികൻ പിടിയിൽ. ഇന്ത്യയും ചൈനയും തമ്മിൽ മാസങ്ങളായി സംഘർഷാവസ്ഥ തുടരുന്ന യഥാർത്ഥ നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്തിൽ ലഡാക്കിലെ പാങ്കോങ് തടാകത്തിനു സമീപത്തു നിന്നാണ് സൈനികനെ പിടികൂടിയത്.
വെള്ളിയാഴ്ച്ച പുലർച്ചെയാണ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികനെ പിടികൂടിയത്."പി.എൽ.എ സൈനികൻ എൽ.എ.സി നുഴഞ്ഞുകയറുകയും സ്ഥലത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്ത്യൻ സൈനികർ ഇയാളെ പിടികൂടുകയും ചെയ്യുകയായിരുന്നു. നടപടിക്രമ പ്രകാരമുള്ള കാര്യങ്ങൾ ചെയ്യുകയും അന്വേഷണം തുടരുകയുമാണ്."- സൈനിക ഓഫീസർ പറഞ്ഞു.
കഴഞ ഏതാനും മാസങ്ങളിൽ ഇത് രണ്ടാം തവണയാണ് ചൈനീസ് സൈനികൻ പിടിയിലായത്. കഴിഞ്ഞ ഒക്ടോബറിൽ ലഡാക്കിലെ ഡെംചോക്കിൽ നിന്ന് മറ്റൊരു ചൈനീസ് സൈനികനെ പിടികൂടിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി അയാളെ ചൈനീസ് സൈന്യത്തിന് കൈമാറുകയും ചെയ്തു.
മേഖലയിലെ സംഘർഷാവസ്ഥ പരിഹരിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ പല തവണ ചർച്ച നടത്തിയിരുന്നു.