വാക്സിന് പരീക്ഷണത്തില്‍ പങ്കാളിയായ യുവാവ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
കോവാക്സിന്റെ പരീക്ഷണത്തില്‍ പങ്കെടുത്ത ദീപക് മറാവി എന്ന വളണ്ടിയറാണ് മരണത്തിന് കീഴടങ്ങിയത്

ഭോപ്പാല്‍: കോവാക്സിന് പരീക്ഷണത്തില്‍ പങ്കാളിയായ യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മധ്യപ്രദേശ് സര്‍ക്കാര്‍. നാല്‍പ്പത്തിയേഴുകാരനായ ദീപക് മറാവി എന്ന വളണ്ടിയറാണ് മരണത്തിന് കീഴടങ്ങിയത്. ഡിസംബര്‍ 12നാണ് ഇയാള്‍ വാക്സിന് കുത്തിവയ്പ്പ് എടുത്തത്. ഒമ്പത് ദിവസത്തിന് ശേഷം 21നായിരുന്നു മരണം.
ജമാല്‍പുര സുബേദാര്‍ കോളനിയിലെ വീട്ടില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയതായി ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന് പിന്നാലെയാണ് സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന് അന്വേഷണത്തിന് ഉത്തരവിട്ടത്. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും വാക്സിനുമായി ബന്ധപ്പെട്ട അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും ശിവരാജ് സിങ്ങ് ചൗഹാന് പറഞ്ഞു.
മരണത്തിന്റെ കാരണമെന്ത് എന്നതില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. വാക്സിന് സ്വീകരിച്ചതല്ല മരണകാരണമെന്ന് പീപ്പ്ള്‍സ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോക്ടര്‍ അനില്‍ ദീക്ഷിത് വ്യക്തമാക്കി. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.