കോവിഡ് വാക്സിന് വിതരണത്തിന് രാജ്യം സജ്ജം
പൂനെ സെന്‍ട്രല്‍ ഹബിൽ നിന്നും ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് ഉടന്‍ വാക്സിന് എത്തിക്കും

കോവിഡിനുള്ള പ്രതിരോധ വാക്സിന് വിതരണത്തിന് രാജ്യം സജ്ജം. പൂനെ സെന്‍ട്രല്‍ ഹബിൽ നിന്നും ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് ഉടന്‍ വാക്സിന് എത്തിക്കും. രാജ്യത്തെ 736 ജില്ല കേന്ദ്രങ്ങളില്‍ വാക്സിന്റെ ഡ്രൈ റണ്‍ തുടരുകയാണ്.
കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷത്തിനകം വാക്സിന് നല്‍കാനായി എന്നത് വലിയ നേട്ടമാണെന്ന് ചെന്നൈയില്‍ ഡ്രൈ റണ്‍ നിരീക്ഷണത്തിനെത്തിയ ആരോഗ്യമന്ത്രി ഹർഷ വർധന് പ്രതികരിച്ചു.
രാജ്യത്ത് കോവിഡ് വാക്സിന് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. പൂനെയിലെ സെൻട്രൽ ഹബില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്കാണ് ആദ്യം വാക്സീന് എത്തിക്കുക. ശേഷം ഡല്‍ഹി രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും പിന്നീട് 600 ശീതികരണ ശ്യംഖല കേന്ദ്രങ്ങളിലേക്കും എത്തിക്കും. പൂനെയില്‍ നിന്നും യാത്രാ വിമാനങ്ങളിലാണ് രാജ്യത്തെ 41കേന്ദ്രങ്ങളിലേക്കും വാക്സിൻ എത്തിക്കുന്നത്.
വ്യോമ മാർഗമുള്ള വാക്സിന് വിതരണം അവലോകനം ചെയ്യാന്‍ വ്യോമയാന മന്ത്രാലയത്തില്‍ യോഗം ചേർന്നു. ഡല്‍ഹി,കർണാല്‍, കൊല്‍ക്കൊത്ത, ഗുവാഹത്തി,ചൈന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മിനി ഹബുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിനിടെ യുപിയും ഹരിയാനയിലും ഒഴികെ രാജ്യത്തെ 736 ജില്ലാ കേന്ദ്രങ്ങളിൽ രണ്ടാം ഘട്ട ഡ്രൈ റൺ തുടരുകയാണ്. വാക്സിൻ വിതരണം എത്രത്തോളം ഫലപ്രദമായി നടത്താൻ സാധിക്കുന്നു എന്ന് പരിശോധിക്കുന്നതിന് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡ്രൈ റൺ. ഡ്രൈ റണ്‍ നിരീക്ഷിക്കാന്‍ ആരോഗ്യമന്ത്രി ഹർഷവർധന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലെത്തി. അതേസമയം വേതനം കൃത്യമായി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഡൽഹി ഹിന്ദു റാവു ആശുപത്രിയിലെ നഴ്സുമാർ അനിശ്ചിത കാല സമരം തുടരുകയാണ്.