LiveTV

Live

National

''അസമയത്ത് തനിച്ച് പുറത്തിറങ്ങിയതുകൊണ്ടല്ലെ.. '' ; ബദായുന്‍ കൂട്ടബലാത്സംഗത്തിൽ വിവാദ പ്രസ്താവനയുമായി ദേശീയ വനിതാ കമ്മീഷന്‍ അംഗം

നേരംവൈകിയ സമയത്ത് പുറത്ത് ഇറങ്ങിയതിനാലാണ് ഇങ്ങനെയൊരു സംഭവമുണ്ടായത് എന്നായിരുന്നു വനിതാ കമ്മീഷന്‍ അംഗം ചന്ദ്രമുഖിയുടെ പ്രതികരണം

''അസമയത്ത് തനിച്ച് പുറത്തിറങ്ങിയതുകൊണ്ടല്ലെ.. '' ; ബദായുന്‍ കൂട്ടബലാത്സംഗത്തിൽ  വിവാദ പ്രസ്താവനയുമായി ദേശീയ വനിതാ കമ്മീഷന്‍ അംഗം

ലഖ്നൗ: ബദായുനില്‍ അമ്പതു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി ദേശീയ വനിതാ കമ്മീഷന്‍ അംഗം. 'നേരംവൈകിയ' സമയത്ത് പുറത്ത് ഇറങ്ങിയതിനാലാണ് ഇങ്ങനെയൊരു സംഭവമുണ്ടായത് എന്നായിരുന്നു വനിതാ കമ്മീഷന്‍ അംഗം ചന്ദ്രമുഖിയുടെ പ്രതികരണം. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചന്ദ്രമുഖി.

'' ഇത് മനുഷ്യരാശിയെ ലജ്ജിപ്പിച്ച കുറ്റകൃത്യമാണ്, എന്നാല്‍ സ്ത്രീകള്‍ നേരം വൈകിയ സമയത്ത് പുറത്തിറങ്ങരുത്. വൈകുന്നേരം തനിച്ച് പുറത്തിറങ്ങിയില്ലായിരുന്നെങ്കില്‍, അവളുടെ മക്കളില്‍ ഒരാള്‍ അവളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തിലൊന്ന് സംഭവിക്കുമായിരുന്നില്ല.'' ചന്ദ്രമുഖി പറഞ്ഞു.

അതേസമയം ചന്ദ്രമുഖിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും സ്ത്രീകള്‍ക്ക് പുറത്തിറങ്ങുന്നതിന് പ്രത്യേക സമയം ഇല്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ ചെയർപേഴ്സൺ രേഖ ശര്‍മ പറഞ്ഞു.

ചന്ദ്രമുഖിയുടെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ട ദേശീയ വനിതാ കമ്മീഷന്‍ അംഗത്തിന് ഇത്തരമൊരു മനോഭാവത്തോടെ എങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ബദായുന്‍ ജില്ലയിലാണ് അമ്പതു വയസുകാരിയായ അംഗന്‍വാടി അധ്യാപിക കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ക്ഷേത്രത്തില്‍ പോയി വരുമ്പോഴായിരുന്നു ആക്രമണം. ക്രൂരമായ ബലാത്സംഗമാണ് നടന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും പരിക്കേറ്റതായും കാലുകളും വാരിയെല്ലുകളും ഒടിഞ്ഞതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം ബലാത്സംഗം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ക്ഷേത്രത്തിലെ പൂജാരിയും സഹായികളുമാണ് കൊലപാതകത്തിന് പിന്നലെന്നാണ് കുടുംബത്തിന്റെ ആരോപണം.