സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി, വാരിയെല്ലും കാലും ഒടിഞ്ഞു; നിര്‍ഭയയെ ഓര്‍മിപ്പിച്ച് യു.പിയില്‍ ബലാത്സംഗക്കൊല
മധ്യവയസ്കയായ സ്ത്രീയെ ആണ് അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്നത്.
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾക്ക് അവസാനമില്ല. ഡൽഹിയിലെ നിര്‍ഭയ കേസിന് സമാനമായ ബലാത്സംഗ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തു. മധ്യവയസ്കയായ സ്ത്രീയെ ആണ് അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്നത്. ബദായൂന്‍ ജില്ലയിലാണ് സംഭവം.
ഞായറാഴ്ച വൈകിട്ടോടെ ക്ഷേത്രത്തില്‍ പോയ സ്ത്രീ വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രിയിലാണ് സ്ത്രീയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. സ്ത്രീയെ ആ നിലയില്‍ ഉപേക്ഷിച്ച് മൂന്ന് പേർ കാറിൽ രക്ഷപ്പെട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അമ്പലത്തിലെ പൂജാരിയും സഹായിയും ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു. ആക്രമണത്തില്‍ ശ്വാസകോശത്തിനും പരിക്കേറ്റു. രക്തസ്രാവം നിയന്ത്രണാതീതമായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ കണ്ടെത്താനായി നാല് സംഘങ്ങളെ നിയോഗിച്ചു. സംഭവത്തില്‍ പൊലീസിനെതിരെ ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. സ്ത്രീയെ കാണാനില്ലെന്ന് ഉഗൈതി സ്റ്റേഷൻ ഓഫീസർക്ക് പരാതി നല്‍കിട്ടും അന്വേഷിച്ചില്ല എന്നാണ് ആരോപണം. തുടര്‍ന്ന് എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തു. അംഗന്‍വാടിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്.