LiveTV

Live

National

'ലവ് ജിഹാദ് നിയമം' സുപ്രീംകോടതി പരിശോധിക്കുന്നു; ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും രാജ്യത്തിന്‍റെ മതേതരത്വത്തിനും എതിരാണ് പുതിയ നിയമങ്ങളെന്ന ഹരജികള്‍ പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍

'ലവ് ജിഹാദ് നിയമം' സുപ്രീംകോടതി പരിശോധിക്കുന്നു; ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

ലവ് ജിഹാദ് തടയാനെന്ന പേരില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ നിയമങ്ങള്‍ സുപ്രീംകോടതി പരിശോധിക്കുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ സാധുതയാണ് കോടതി പരിശോധിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും രാജ്യത്തിന്‍റെ മതേതരത്വത്തിനും എതിരാണ് പുതിയ നിയമങ്ങളെന്ന ഹരജികള്‍ പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷമുണ്ടാകാന്‍ ഇടയാക്കുന്നതുമാണ് നിയമ നിര്‍മാണങ്ങളെന്നാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.

സുപ്രീംകോടതി ആദ്യം ഹരജി പരിഗണിക്കാന്‍ മടിച്ചു. എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ചത്. ഉത്തരാഖണ്ഡ്, അലഹബാദ് ഹൈക്കോടതികളുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ എന്തുകൊണ്ട് ആ കോടതികളെ സമീപിച്ചുകൂടാ എന്നാണ് ജസ്റ്റിസ് ചോദിച്ചത്. എന്നാല്‍ ഒന്നിലധികം സംസ്ഥാനങ്ങള്‍ സമാന നിയമ നിര്‍മാണം നടത്തിയിട്ടുള്ളതിനാല്‍ പരമോനത കോടതി തന്നെ ഇക്കാര്യം പരിശോധിക്കണമെന്ന് 'സിറ്റിസന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍റ് പീസി'ന് വേണ്ടി ഹാജരായ സി യു സിങ് വാദിച്ചു. തുടര്‍ന്നാണ് രണ്ട് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചത്.

യു.പി നിയമത്തിലെ വ്യവസ്ഥകള്‍

ലവ് ജിഹാദ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നത്. ഈ നിയമ പ്രകാരം വിവാഹത്തിന് മുന്‍പുള്ള മതപരിവര്‍ത്തനത്തിന് രണ്ട് മാസം മുമ്പെങ്കിലും ജില്ലാ മജിസ്‌ട്രേറ്റിന് രേഖാമൂലം അപേക്ഷ നല്‍കണം. അങ്ങനെയല്ലാതെ നടത്തുന്ന വിവാഹങ്ങള്‍ അസാധുവാകും. നിര്‍ബന്ധിച്ചാണ് മതംമാറ്റിയതെന്ന് തെളിയിക്കാനായാല്‍ 5 വര്‍ഷം വരെ തടവും 15000 രൂപ പിഴയുമാണ് യുപിയിലെ നിയമം വ്യവസ്ഥ ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍, പട്ടികജാതി, പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ എന്നിവരെ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക സര്‍ക്കാരുകളുടെ സമാനമായ നിയമനിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അലഹബാദ് ഹൈക്കോടതിയുടെ രണ്ട് വിധികള്‍

വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 2020 ഒക്ടോബറിൽ വിധിക്കുകയുണ്ടായി. ഹിന്ദു യുവാവിനെ വിവാഹം ചെയ്യാനായി മുസ്‍ലിം യുവതി മതം മാറിയ കേസിലായിരുന്നു ഈ വിധി. ദമ്പതികള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. മതത്തെ കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിനായി മാത്രം മതംമാറുന്നത് സാധുവല്ലെന്ന് 2014ലും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി ഉദ്ധരിച്ചാണ് ദമ്പതികളുടെ ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കിയത്.

എന്നാല്‍ ഇതേ കോടതിയുടെ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ ഉത്തരവ് റദ്ദാക്കി. സല്‍മത് അന്‍സാരി - പ്രിയങ്ക ദമ്പതികളുടെ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് തിരുത്തിയത്. പ്രിയങ്കയുടെ പിതാവിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. പ്രിയങ്കയെ മതംമാറ്റിയാണ് സല്‍മത് അന്‍സാരി വിവാഹം ചെയ്തത് എന്നായിരുന്നു പിതാവിന്‍റെ പരാതി. എന്നാല്‍ ജസ്റ്റിസുമാരായ പങ്കജ്‌ നഖ്‌വിയും വിവേക്‌ അഗർവാളും വ്യക്തമാക്കിയത് ഇങ്ങനെയാണ്- രണ്ട് വ്യക്തികളെ, അവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരായാല്‍ പോലും ഒരുമിച്ച് ജീവിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയായവരുടെ ഈ അവകാശത്തില്‍ കടന്നുകയറാന്‍ മറ്റ് വ്യക്തികൾക്കോ കുടുംബത്തിനോ സര്‍ക്കാരിനോ അവകാശമില്ല.