LiveTV

Live

National

ഷൂസിൽ 'ഉയർന്ന ജാതിപ്പേര്'; ഉത്തർ പ്രദേശിൽ മുസ്‌ലിം കച്ചവടക്കാരനെതിരെ കേസ്

അറുപത് വർഷമായി വിപണിയിലുള്ള ബ്രാന്‍ഡാണ് ഠാക്കൂര്‍ ഫുട് വെയര്‍ കമ്പനി നിര്‍മിക്കുന്ന ഠാക്കൂര്‍ ഷൂസുകൾ .

ഷൂസിൽ 'ഉയർന്ന ജാതിപ്പേര്'; ഉത്തർ പ്രദേശിൽ  മുസ്‌ലിം കച്ചവടക്കാരനെതിരെ കേസ്

പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിൽ ഷൂസിൽ ഠാക്കൂർ എന്ന ഉയർന്ന ജാതിപ്പേരുള്ളതിന്റെ പേരിൽ മുസ്‌ലിം കച്ചവടക്കാരനെതിരെ കേസ്. വലതു പക്ഷ സംഘടനയുടെ നേതാവായ വിശാൽ ചൗഹാന്റെ പരാതിയിൽ നാസർ എന്ന ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇരു വിഭാഗങ്ങൾ തമ്മിൽ വിദ്വേഷം പടർത്തുക, പൊതു സമാധാനത്തിനു ഭംഗം വരുത്തുന്ന രീതിയിലുള്ള അക്രമം നടത്തുക എന്നിവയടങ്ങുന്ന 153 A , 504, 323 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. അറുപത് വർഷമായി വിപണിയിലുള്ള ബ്രാന്‍ഡാണ് ഠാക്കൂര്‍ ഫുട് വെയര്‍ കമ്പനി നിര്‍മിക്കുന്ന ഠാക്കൂര്‍ ഷൂസുകൾ .

എന്നാൽ ചോദ്യം ചെയ്യലിൽ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ ഇരു വിഭാഗങ്ങൾ തമ്മിൽ വിദ്വേഷം പടർത്തുക എന്ന 153 A ആം വകുപ്പ് പിൻവലിച്ചുവെന്നു അഡീഷണൽ പോലീസ് സൂപ്രണ്ട് അതുൽ കുമാർ ശ്രീവാസ്തവ പറഞ്ഞു. മറ്റു വകുപ്പുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരനാണെന്നു കണ്ടാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ നാസറിനെ ഇനിയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പരാതിക്കാരൻ നാസറിന്റെ ചെരുപ്പുകടയിൽ ചെന്നപ്പോൾ അദ്ദേഹം ഷൂവിൽ ഠാക്കൂർ എന്ന ജാതിപ്പേര് കാണുകയും അതിനെ പരാതിക്കാരൻ ചോദ്യം ചെയ്‌തപ്പോൾ കടയുടമ അദ്ദേഹത്തെ ചീത്ത വിളിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആർ. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പ്രകാരം ഒരു കൂട്ടം ആളുകൾ കച്ചവടക്കാരനു ചുറ്റും കൂടിയത് കാണാം. "ഞാനാണോ ഷൂകൾ നിർമിക്കുന്നത്? "നാസർ ചോദിച്ചു. അപ്പോൾ ചുറ്റും കൂടി നിന്ന ആളുകളിലൊരാൾ "പിന്നെയെന്തിനാണ് താൻ ഇതിവിടെ കൊണ്ട് വന്നത്?" എന്ന് ചോദിക്കുന്നതും കാണാം. ദൃശ്യങ്ങളിൽ എവിടെയും അക്രമം നടന്നതായി കാണുന്നില്ല.

അതെ സമയം ഷൂ നിർമ്മിച്ച കമ്പനിയുടെ ഉടമസ്ഥരെ ചോദ്യം ചെയ്തുവോ എന്ന ചോദ്യത്തിന് അന്വേഷണം തുടരുകയാണ് എന്ന് മാത്രമായിരുന്നു പോലീസിന്റെ മറുപടി .