ഹെൽത്ത് കാർഡിനായി ക്യൂവിൽ മമത; വൈറലായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ ചിത്രം
ഇത് വെറും നാടകമാണെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പരിഹസിച്ചു

കൊൽക്കത്ത: കൊൽക്കത്തയിലെ കാളീഘട്ട് പ്രദേശത്തു 'സ്വാസ്ഥ്യ സാഥി 'കാർഡ് വാങ്ങുവാനായി പ്രദേശവാസികൾക്കൊപ്പം ക്യൂ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സാധാരണക്കാർക്കൊപ്പം ക്യൂവിൽ നിൽക്കുന്ന ചിത്രം വൈറലായി. എന്നാൽ ഇത് വെറും നാടകമാണെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പരിഹസിച്ചു. തന്റെ വസതിക്കടുത്ത കേന്ദ്രത്തിൽ സംസ്ഥാന നഗരകാര്യ വികസന മന്ത്രി ഫിർഹാദ് ഹക്കീമിനൊപ്പമാണ് മമത കാർഡ് വാങ്ങാനെത്തിയത്.പശ്ചിമ ബംഗാൾ സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സാധാരണക്കാരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന 'ദുആരെ സർക്കാർ ' പദ്ധതിയുടെ ഭാഗമായാണ് സ്വാസ്ഥ്യ സാഥി കാർഡ്.