LiveTV

Live

National

കനിവിന്റെ കോടി പുണ്യം; ലോക്ക്ഡൗണില്‍ ഭക്ഷണമെത്തിക്കാന്‍ ഈ കുടുംബം ചെലവഴിച്ചത് രണ്ടു കോടി

"കഴിഞ്ഞ മാർച്ച് 26 മുതൽ പതിനാറ് പ്രദേശങ്ങളിൽ നമ്മൾ ഭക്ഷണം എത്തിക്കുന്നുണ്ട്"വിഷ്ണുഭട്ല യഗ്ന പറഞ്ഞു.

കനിവിന്റെ കോടി പുണ്യം; ലോക്ക്ഡൗണില്‍ ഭക്ഷണമെത്തിക്കാന്‍ ഈ കുടുംബം ചെലവഴിച്ചത് രണ്ടു കോടി

ലോക്ക്ഡൗൺ കാലത്ത് ജീവിതം വഴിമുട്ടിയർക്ക് ഭക്ഷണമെത്തിക്കാൻ ആന്ധ്ര പ്രദേശിലെ ഒരു കുടുംബം ചെലവഴിച്ചത് രണ്ട് കോടി. ആന്ധ്രയിലെ തെനാലിക്കാരായ ശ്രീ ചന്ദ്രശേഖര ഗുരു പാദുക പീഠവും, ശ്രീ രാമായണ നവഹ്നിക യഗ്നയുമാണ് ഭക്ഷണത്തിന് വക കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ മുന്നിട്ടിറങ്ങി മാതൃകയായത്. ഇതിനായി 120 ദിവസം കൊണ്ട് 2 കോടി രൂപയാണ് ഈ കുടുംബം ചെലവാക്കിയത്.

കുടുംബത്തിന്റെ ഏക ലക്ഷ്യം ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണമെത്തിക്കുക എന്നതായിരുന്നുവെന്ന് ഇളയമകൻ വിഷ്ണുഭട്ല യഗ്ന നാരായൺ അവധാനി പറഞ്ഞു. "ഞങ്ങളുടെ ഈ ശ്രമത്തിന് തുടക്കം കുറിക്കുന്നത് 50കിലോഗ്രാം ഭക്ഷണം അടുത്തുള്ള ചേരികളിൽ വിതരണം ചെയ്തുകൊണ്ടാണ്. എന്നാൽ അവിടെയുള്ള മുഴുവൻ കുടുംബങ്ങളുടെയും വിശപ്പടക്കാൻ ആ ഭക്ഷണം തികഞ്ഞില്ല എന്നത് ഞങ്ങളെ അതൃപ്തരാക്കി. ഞാനും എന്റെ സഹോദരനും കൂടി ഈ പ്രദേശത്തെ ഏകദേശം പതിനഞ്ചോളം മേഖലകൾ സന്ദർശിച്ച് ലോക്ക്ഡൗൺ മൂലം ഉപജീവനമാർഗം തടസ്സപ്പെട്ട ആറായിരത്തോളം കുടുംബങ്ങളെ തിരിച്ചറിഞ്ഞു. മാത്രമല്ല പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട പാചകക്കാർക്ക് ശമ്പളം ഏർപ്പെടുത്തി ഭക്ഷണം പാകം ചെയ്യിച്ചു. അവർക്കും അത് വലിയ ഉപകാരമായിരുന്നു. കഴിഞ്ഞ മാർച്ച് 26 മുതൽ പതിനാറ് പ്രദേശങ്ങളിൽ നമ്മൾ ഭക്ഷണം എത്തിക്കുന്നുണ്ട്." വിഷ്ണുഭട്ല യഗ്ന പറഞ്ഞു.

ഈ കുടുംബത്തിന്റെ സേവന പ്രവർത്തനം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞ സിനിമ സംവിധായകൻ ഹരീഷ് ശങ്കറും പ്രാദേശിക രാഷ്‌ട്രീയ പ്രവർത്തകരും മറ്റ് നിരവധി പേരും ഇവരോടൊപ്പം ചേരുകയുണ്ടായി. ഇവരുടെയെല്ലാം സഹകരണത്തോടയാണ് 120ഓളം ദിവസം ഈ സേവനം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞത് എന്ന് കുടുംബം പറഞ്ഞു. അപ്രതീക്ഷിതമായി വന്ന മഹാമാരിയും ലോക്ക്ഡൗണും ദുരിതത്തിലാക്കിയ ആറ് ലക്ഷത്തോളം പേർക്ക് ഭക്ഷണം എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും കുടുംബം കൂട്ടിച്ചേർത്തു.