കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്റെ ഏഴാം ഘട്ട ചർച്ച ആരംഭിച്ചു
കേന്ദ്ര സർക്കാരും കർഷക പ്രതിനിധികളും തമ്മിലുള്ള ഏഴാം ഘട്ട ചർച്ച ഡൽഹിയിലെ വിഗ്യാൻ ഭവനിൽ ആരംഭിച്ചു

ന്യൂഡൽഹി : കേന്ദ്ര സർക്കാരും കർഷക പ്രതിനിധികളും തമ്മിലുള്ള ഏഴാം ഘട്ട ചർച്ച ഡൽഹിയിലെ വിഗ്യാൻ ഭവനിൽ ആരംഭിച്ചു. സമരത്തിനിടെ മരിച്ച കർഷകർക്കായി രണ്ടു മിനിട്ടു മൗനം ആചരിച്ചുകൊണ്ടാണ് ചർച്ച ആരംഭിച്ചത്. സെപ്റ്റംബറിൽ പാസ്സാക്കിയ കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന സമരം ഒത്തുതീർക്കാനായി ഈ വർഷം നടക്കുന്ന ആദ്യത്തെ ചർച്ചയിൽ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പിയുഷ് ഗോയൽ , സോം പ്രകാശ് എന്നിവരും സമരം ചെയ്യുന്ന കർഷകരെ പ്രതിനിധീകരിച്ചു 41 നേതാക്കളും പങ്കെടുക്കുന്നുണ്ട്.
" ഇന്ന് ശുഭകരമായ തീരുമാനമുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. എല്ലാ കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്യും."കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ
എന്നാൽ തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായി കർഷക നേതാക്കളും പറഞ്ഞു. " ഞങ്ങളുടെ ആവശ്യങ്ങളിൽ മാറ്റമൊന്നുമില്ല. കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കുക തന്നെ വേണം. രണ്ടു ഭേദഗതികൾ പിൻവലിച്ചു കർഷകരെ കേൾക്കാൻ സർക്കാർ തയ്യാറാകണം. അതുവരെ ഞങ്ങൾ സമരവുമായി മുന്നോട്ടു പോകും." ഭാരത് കിസാൻ യൂണിയൻ അംഗം ജഗീര് സിംഗ് ഡാലെവാൽ പറഞ്ഞു. അതേ സമയം സമരം ചെയ്യുന്ന കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.