ടി.എം.സി ഗുണ്ടകള്‍ കാറിന് നേരെ വെടിയുതിര്‍ത്തതായി ബംഗാള്‍ ബി.ജെ.പി നേതാവ്
എന്നാല്‍ ടി.എം.സി ഈ ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട്

തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ തന്റെ കാറിന് നേരെ വെടിയുതിര്‍ത്തുവെന്ന ആരോപണവുമായി ബംഗാളിലെ ബി.ജെ.പി നേതാവ് കൃഷ്ണേന്ദു മുഖര്‍ജി. അസന്‍സോളില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഗുണ്ടകള്‍ക്ക് കാറിന്റെ ഡോര്‍ തുറക്കാന്‍ സാധിക്കാതെ വന്നതുകൊണ്ടാണ് താന്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും മുഖര്‍ജി പറഞ്ഞു. എന്നാല്‍ ടി.എം.സി ഈ ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി കൊൽക്കത്തയിൽ നിന്ന് അസൻസോളിലെ ഹിരാപൂരിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് മുഖര്‍ജി പറയുന്നു. മൂന്ന് അജ്ഞാതരായ ആളുകളെത്തി തന്റെ കാര്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ ടി.എം.സി പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി മുഖര്‍ജി ആരോപിച്ചു. ഡ്രൈവര്‍ സഹായത്തിനായി നിലവിളിച്ചപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടുവെന്നും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.
മുഖർജിയിൽ നിന്ന് പരാതി ലഭിച്ചതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഹിരാപൂർ പൊലീസ് പറഞ്ഞു. കള്ളക്കടത്ത് കേസുകളിലും കൊലപാതക കേസുകളിലും പ്രതിയായ മുഖര്‍ജി കുറെ കാലമായി ഒഴിവില്‍ കഴിയുകയാണെന്നും ആരെങ്കിലും പഴയ വൈരാഗ്യം തീര്ത്തതായിരിക്കുമെന്നും ടി.എം.സി എം.എല്‍.എ തപസ് ബാനര്‍ജി പറഞ്ഞു.