'കൃത്യമായി സ്കൂളിൽ വന്നാൽ 100 രൂപ'; വിദ്യാർഥിനികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് അസം സർക്കാർ
ബിരുദ- ബിരുദാനന്തര വിദ്യാർഥിനികളുടെ ബാങ്ക് അക്കൗണ്ടിൽ 1500 മുതൽ 2000 രൂപ വരെ ഇട്ടുനൽകുമെന്നും അസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

അസമിൽ ഇനി മുതൽ സ്കൂളുകളിൽ കൃത്യമായി വരുന്ന വിദ്യാർഥിനികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് അസം സർക്കാർ. ക്ലാസ്സുകളിൽ കൃത്യമായി പങ്കെടുക്കുന്ന സ്കൂൾ വിദ്യാർഥിനികൾക്ക് ദിവസവും 100 രൂപ വീതം നൽകുമെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കഴിഞ്ഞ വർഷം ഫസ്റ്റ് ഡിവിഷനോടെ പ്ലസ് ടുവിൽ വിജയം നേടിയ വിദ്യാർഥിനികൾക്ക് സ്കൂട്ടർ വിതരണം ചെയ്യുവാൻ ശിവസാഗറിൽ അസം സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം അവസാനത്തോടെ അസമിലെ ബിരുദ- ബിരുദാനന്തര വിദ്യാർഥിനികളുടെ ബാങ്ക് അക്കൗണ്ടിൽ 1500 മുതൽ 2000 രൂപ വരെ ഇട്ടുനൽകുമെന്നും അദ്ദേഹം പറഞ്ഞു. ഈ തുക അവർക്ക് പുസ്തകം വാങ്ങാനോ മറ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇത് ഞങ്ങൾ കഴിഞ്ഞ വർഷം നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് മൂലം അന്നത് സാധിച്ചില്ല. സ്കൂളുകളിൽ മാത്രമല്ല, കോളേജുകളിലും കൃത്യമായി ക്ലാസ്സുകളിൽ പങ്കെടുക്കുന്ന വിദ്യാർഥിനികൾക്ക് ഇത്തരത്തിലൊരു തുക നൽകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. " ബിശ്വ ശർമ പറഞ്ഞു.