"ഞങ്ങള്‍ ഇന്ത്യാക്കാരല്ലെന്ന് അവര്‍ മുദ്രകുത്തി, അതെങ്ങനെ സാധ്യമാകും?" ജയില്‍ മോചിതരായ കുടുംബം പറയുന്നു...
രേഖകളെല്ലാമുണ്ടായിട്ടും വിദേശികളെന്ന് മുദ്രകുത്തി തടങ്കല്‍ പാളയത്തിലടച്ചു
അസാമിലെ മുഹമ്മദ് നൂര്‍ ഹുസൈനും കുടുംബത്തിനും ഈ പുതുവര്‍ഷം സ്വാതന്ത്രത്തിന്റേത് കൂടിയായിരുന്നു. തടങ്കല്‍ പാളയത്തിലെ ഒന്നര വര്‍ഷത്തെ ജീവിതം, വലിയ നിയമ പോരാട്ടത്തിനൊടുവിലാണ് അവസാനിച്ചത്.
അസാമിലെ ഉടല്‍ഗുരി ജില്ലയിലെ മുഹമ്മദ് നൂറിന്റെയും കുടുംബത്തിന്റെയും വാര്‍ത്ത ഇന്ത്യന്‍ എക്സ്പ്രസാണ് പ്രസിദ്ധീകരിച്ചത്.
രേഖകളെല്ലാമുണ്ടായിട്ടും വിദേശികളെന്ന് മുദ്രകുത്തി പോലീസ് തടങ്കല്‍ പാളയത്തിലടച്ചു. മുഹമ്മദിനെയും ഭാര്യ സഹീറ ബീഗത്തേയുമാണ് വിദേശികളെന്ന് മുദ്രകുത്തിയത്.
''ഞങ്ങള്‍ അഭിമാനികളായ ഇന്ത്യക്കാരാണ്. ഞങ്ങള്‍ അസമിലാണ്. അവര്‍ ഞങ്ങളെ ബംഗ്ലാദേശികളാണെന്ന് തെറ്റായി ആരോപിക്കുകയും, ഞങ്ങള്‍ നിയമവിരുദ്ധമായി അതിര്‍ത്തി കടന്നതായും പറഞ്ഞു. അതെങ്ങനെ സാധ്യമാകും? ഞാന്‍ ഇവിടെ ജനിച്ചു, ഗുവാഹത്തിയില്‍ റിക്ഷ ഓടിക്കുന്നതാണ് എന്റെ ജോലി. ഇന്ത്യയില്‍ ജനിച്ച ഞാന്‍ എന്തിന് ഇന്ത്യയില്‍ നിന്ന് പോകണം.'' മുഹമ്മദ് നൂര്‍ ഹുസൈന് പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായതോടെ ഫോറിനേഴ്സ് ട്രൈബ്യൂണല്‍ വിചാരണ ആരംഭിച്ചു. 4000 രൂപ പ്രതിഫലത്തില്‍ വക്കീലിനെ ഏര്‍പ്പാടാക്കി വാദിക്കേണ്ടിവന്നു. എന്നാല്‍ ഒരുഘട്ടത്തിലെത്തിയപ്പോള് വക്കീല്‍ കേസില്‍ നിന്ന് പിന്മാറി.
''തന്റെ പ്രതിഫലം നിങ്ങള്‍ക്ക് താങ്ങാനാവില്ലെന്നും, ബംഗ്ലാദേശിലേക്ക് തിരിച്ചുപോകുന്നതാണ് നിങ്ങള്‍ക്ക് നല്ലെതെന്നും''വക്കീല്‍ മുഹമ്മദിനോട് പറഞ്ഞു.
ഫോറിനേഴ്സ് ട്രൈബ്യൂണല്‍ 2018 മെയ് 29 ന് സഹീറ ബീഗത്തെയും മാര്‍ച്ച് 30 ന് മുഹമ്മദ് ഹുസൈനെയും വിദേശികളായി പ്രഖ്യാപിച്ചു.
2019 ജൂണില്‍ ദമ്പതികളെ അറസ്റ്റ് ചെയ്ത് ഗോള്‍പാറ ജില്ലയിലെ തടങ്കല്‍ പാളയത്തിലേക്കയച്ചു. രണ്ട് കുഞ്ഞുങ്ങളെയും തടങ്കല്‍ പാളയത്തിലേക്ക് ഒപ്പം കൂട്ടേണ്ടിവന്നു.
പിന്നീട് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള നിയമപോരാട്ടമായിരുന്നു. ജയിലില്‍ കിടന്നപ്പോള്‍, ദമ്പതികളുടെ ബന്ധുക്കളില്‍ ചിലര്‍ ഗുവാഹത്തി ആസ്ഥാനമായുള്ള മനുഷ്യാവകാശ അഭിഭാഷകന് അമാന്‍ വാദുദിനെ സമീപിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ ഹൈക്കോടതിയില്‍ വാദിച്ചു, ഒക്ടോബര്‍ 9 ന് ഹൈക്കോടതി ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ ഉത്തരവുകള്‍ മാറ്റിവച്ച് വീണ്ടും വിചാരണയ്ക്ക് ഉത്തരവിട്ടു.
'' വിദേശി എന്ന് ആരോപിക്കപ്പെടുന്ന എല്ലാവര്ക്കും അഭിഭാഷകരെ ലഭിക്കുന്നില്ല. നിയമപരമായ അവകാശം പോലും ലഭിക്കാതെ പലര്‍ക്കും ഇന്ത്യന്‍ പൗരത്വം നഷ്ടമാകുന്ന സാഹചര്യമാണ് '' അമാന്‍ വാദുദ് പറഞ്ഞു.
ഡിസംബര്‍ 16 ന്, ദമ്പതികള്‍ ജാമ്യത്തിലിറങ്ങി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, ഫോറിനേഴ്സ് ട്രൈബ്യൂണല്‍ ഹുസൈനെയും സഹീറയേയും ഇന്ത്യന്‍ പൗരരായി പ്രഖ്യാപിച്ചു. നീണ്ട ഒന്നരവര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഇരുവരും സ്വതന്ത്രരായി.