ഗോഡ്സെയെ കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു? മോഹന്‍ ഭാഗവതിനോട് ഉവൈസി
വിശ്വാസങ്ങള്ക്കെല്ലാം അപ്പുറത്ത് മിക്ക ഇന്ത്യയ്ക്കാരും ദേശസ്നേഹികളാണ്.

ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ക്ക് ദേശസ്നേഹികള്‍ ആകാനേ കഴിയൂ എന്ന ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയല്ല ദേശസ്നേഹം തീരുമാനിക്കേണ്ടത് എന്ന് ഉവൈസി പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഗാന്ധിയുടെ ഘാതകന് ഗോഡ്സെയെ കുറിച്ച് എന്തു പറയുന്നു? നെല്ലി കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ ആളുകളെ കുറിച്ച് എന്തു പറയുന്നു. 1984ലെ സിഖ് വിരുദ്ധ കലാപത്തെ കുറിച്ചും 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചും എന്തു പറയുന്നു? ഭാഗവതിന് ഉത്തരമുണ്ടോ?'- ഉവൈസി ചോദിച്ചു.
വിശ്വാസങ്ങള്ക്കെല്ലാം അപ്പുറത്ത് മിക്ക ഇന്ത്യയ്ക്കാരും ദേശസ്നേഹികളാണ്. ആര്‍എസ്എസിനു മാത്രമേ ആ ആശയത്തെ അവഗണിക്കാന്‍ കഴിയൂ- ഉവൈസി കൂട്ടിച്ചേര്‍ത്തു.
മോഹന്‍ ഭാഗവത് പറഞ്ഞത്
ജെ.കെ. ബജാജ്, എം.ഡി ശ്രീനിവാസ് എന്നിവരെഴുതിയ മേക്കിംഗ് ഓഫ് എ ഹിന്ദു പാട്രിയോട്ട്: ബാക്ക് ഗ്രൗണ്ട് ഓഫ് ഗാന്ധിജീസ് ഹിന്ദ് സ്വരാജ് എന്ന പുസ്കതത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് ഭാഗവത് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്.
'ഹിന്ദുവാണ് എങ്കില്‍ അദ്ദേഹം ദേശസ്നേഹി ആയിരിക്കും. അതായിരിക്കും അദ്ദേഹത്തിന്റെ അടിസ്ഥാന പ്രകൃതം. ചിലപ്പോള്‍ അവനിലെ/അവളിലെ ദേശസ്നേഹത്തെ തൊട്ടുണര്‍ത്തേണ്ടി വന്നേക്കാം. എന്നാല്‍ ഹിന്ദുവിന് ഒരിക്കലും ഇന്ത്യാ വിരുദ്ധന്‍ ആകാന്‍ കഴിയില്ല. ഹിന്ദു ഇന്ത്യയെ സ്നേഹിക്കുന്നു എന്നത് ആ ഭൂമിയെ മാത്രം സ്നേഹിക്കുന്നു എന്നല്ല. അവിടത്തെ സംസ്കാരം, പാരമ്പര്യം, നദികള്‍, മനുഷ്യര്‍ തുടങ്ങിയവയെ എല്ലാം സ്നേഹിക്കുക എന്നാണ്' - എന്നായിരുന്നു ആര്‍എസ്എസ് അധ്യക്ഷന്റെ പ്രസ്താവന.