തമിഴ്നാട്ടില്‍ ഉവൈസിയെ ക്ഷണിച്ച് ഡിഎംകെ; മുസ്ലിംലീഗിന് അതൃപ്തി
ജനുവരി ആറിനാണ് ഉവൈസിയും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച

ചെന്നൈ: ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) മേധാവി അസദുദ്ദീന്‍ ഉവൈസിയെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ച ഡിഎംകെയുടെ നടപടിയില്‍ മുസ്ലിംലീഗിന് അതൃപ്തി. ലീഗിന് പുറമേ യുപിഎ സഖ്യത്തിലെ മുസ്ലിംകക്ഷിയായ മനിതനേയ മക്കള്‍ കക്ഷിയും അതൃപ്തി അറിയിച്ചതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെന്നൈയില്‍ ജനുവരി ആറിനാണ് ഉവൈസിയും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച. അന്നേ ദിവസം നടക്കുന്ന ഡിഎംകെയുടെ കോണ്‍ഫറന്‍സിലും ഉവൈസി പങ്കെടുക്കും. ന്യൂനപക്ഷ കാര്യങ്ങള്‍ക്കുള്ള പാര്‍ട്ടി സെക്രട്ടറി ഡോ. ഡി മസ്താന് ഹൈദരാബാദില്‍ എത്തിയാണ് ഉവൈസിയെ പരിപാടിക്കായി ക്ഷണിച്ചത്. എഐഎംഐഎം സംസ്ഥാന അധ്യക്ഷന്‍ വക്കീല്‍ അഹമ്മദും മസ്താന് ഒപ്പമുണ്ടായിരുന്നു.
ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ എഐഎംഐഎം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഖ്യസാധ്യതയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉവൈസി ചെന്നൈയിലെത്തുന്നത്.
ബിഹാറിലെ മികച്ച വിജയത്തിന് പിന്നാലെയാണ് തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ മത്സരിക്കുമെന്ന് എഐഎംഐഎം പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്ത് 25-30 സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിര്‍ണായക നേട്ടമുണ്ടാക്കിയതിന് പുറമേ, ഈയിടെ നടന്ന ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പിലും എഐഎംഐഎം മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരിച്ച 51 വാര്‍ഡില്‍ 44 ഇടത്തും പാര്‍ട്ടി വിജയിച്ചിരുന്നു. ബിഹാറില്‍ അഞ്ചു സീറ്റിലാണ് എഐഎംഐഎം വിജയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് തമിഴ്നാട്, യുപി, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിരുന്നത്.
തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം
2016ല്‍ ജയലളിതയ്ക്ക് കീഴിലാണ് സംസ്ഥാനത്ത് ഒരിക്കല്‍ക്കൂടി എഐഎഡിഎംകെ അധികാരത്തില്‍ വന്നത്. 234 അംഗ അസംബ്ലിയില്‍ 135 സീറ്റാണ് ഭരണകക്ഷി നേടിയിരുന്നത്. പ്രതിപക്ഷമായ ഡിഎംകെ വിജയിച്ചത് 98 ഇടങ്ങളില്‍. എന്നാല്‍ 2016 ഡിസംബര്‍ അഞ്ചിലെ ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെയുടെ പ്രഭാവത്തിന് സംസ്ഥാനത്ത് മങ്ങലേറ്റു. ജയയുടെ ശൂന്യത നികത്താന്‍ മുഖ്യമന്ത്രി ഒ പിന്നീര്ശെല്വത്തിന് ആയിട്ടില്ല. ജയയുടെ സഹായി വികെ ശശികലുമായി ഉണ്ടായ പ്രശ്നങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയായി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ മിന്നുംജയം ആവര്‍ത്തിക്കാനാണ് ഡിഎംകെയുടെ നേതൃത്വത്തിലുള്ള യുപിഎയുടെ ശ്രമം. 2019ലെ തെരഞ്ഞെടുപ്പില്‍ 39ല്‍ 38 സീറ്റും നേടിയത് യുപിഎ ആയിരുന്നു. മത്സരിച്ച 20 സീറ്റുകളിലും ഡിഎംകെ ജയിച്ചിരുന്നു. ഉവൈസിയുടെ സാന്നിധ്യം മുസ്ലിം വോട്ടുകള്‍ പിളര്‍ത്തുമോ എന്ന ആശങ്കയാണ് ഡിഎംകെ നേതൃത്വത്തിനുള്ളത്.