അഴിമതിക്കാരുടെ പേടിസ്വപ്നം; രൂപ ഐപിഎസ് 20 വര്‍ഷത്തിനിടെ സ്ഥലംമാറ്റപ്പെട്ടത് 40 തവണ
മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഹേമന്ത് നിംബല്കറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് രൂപയുടെ സ്ഥലംമാറ്റം.

കര്‍ണാടക ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡി രൂപ ഐപിഎസിനെ കരകൌശല വികസന കോര്‍പറേഷനിലേക്ക് സ്ഥലംമാറ്റി. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഹേമന്ത് നിംബല്കറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് രൂപയുടെ സ്ഥലംമാറ്റം. കോടികളുടെ ബംഗളൂരു സെയ്ഫ് സിറ്റി പ്രൊജക്ടിന്റെ ടെണ്ടറിലെ ക്രമക്കേടാണ് രൂപ ചൂണ്ടിക്കാണിച്ചത്. രൂപ ആരോപണം ഉന്നയിച്ച നിംബല്കറിനെ ആഭ്യന്തര സുരക്ഷാ ചുമതലയിലേക്കാണ് മാറ്റിയത്.

"സ്ഥലംമാറ്റം സര്‍ക്കാര്‍ ജോലിയുടെ ഭാഗമാണ്. എന്റെ കരിയര്‍ എത്ര വര്‍ഷമാണോ അതിന്റെ ഇരട്ടി തവണ സ്ഥലംമാറ്റപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായി നടക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നതില്‍ അപായ സാധ്യതയുണ്ട്. എന്നാല്‍ ജോലിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയ്യാറല്ല. ഏത് പോസ്റ്റില്‍ ആണെന്നത് വിഷയമല്ല"- രൂപ ഐപിഎസ് ട്വീറ്റ് ചെയ്തു.
പല ഓഫീസര്‍മാരും മനസമാധാനം കരുതി പല പ്രശ്നങ്ങളിലും ഇടപെടാതെ മാറിനില്ക്കുന്നു. ശക്തരുടെ കോപം ക്ഷണിച്ചുവരുത്താതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. എന്നാല്‍ താന്‍ ശരിയുടെ പക്ഷത്ത് നിലകൊള്ളുന്ന കാലത്തോളം മറ്റൊന്നും കാര്യമാക്കുന്നില്ലെന്നും രൂപ മാധ്യമങ്ങളോട് പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ ജയലളിതയുടെ സഹായി ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന ലഭിച്ചെന്ന് രൂപ റിപ്പോര്‍ട്ട് നല്‍കിയത് വന്‍ വിവാദമായിരുന്നു. പല സംഭവങ്ങളിലായി പല തവണ രൂപ വിശദീകരണം നല്കാന് വിളിപ്പിക്കപ്പെട്ടു. ഏറ്റവും ഒടുവിലായി പടക്കം നിരോധിക്കണമെന്ന് പറഞ്ഞതിന് രൂപക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായി. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് എതിരെയായിരുന്നു രൂപയുടെ പരാമര്‍ശം. പടക്കം പൊട്ടിക്കുന്നതും ഹൈന്ദവാചാരവും തമ്മില്‍ ബന്ധമൊന്നുമില്ല. ദീപാവലി പടക്കം പൊട്ടിക്കാതെ തന്നെ നല്ല രീതിയില്‍ ആഘോഷിക്കാം. പടക്കം പൊട്ടിക്കുന്നത് ആരോഗ്യത്തെയും അന്തരീക്ഷത്തെയും ബാധിക്കുമെന്നുമാണ് രൂപ പറഞ്ഞത്.

താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊരു ലക്ഷ്യമില്ലെന്നും പൊലീസില്‍ തന്നെ തുടരുമെന്നും രൂപ വ്യക്തമാക്കുകയുണ്ടായി. 2000 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് രൂപ. 2016ലും 2017ലുമായി രണ്ട് തവണ പ്രസിഡന്റിന്റെ മെഡല്‍ ലഭിച്ചിട്ടുണ്ട്.