ഡൽഹി കലാപം ആളിക്കത്തിക്കാന്‍ ഗൂഢാലോചന; ഉമർ ഖാലിദിനെതിരെ കുറ്റപത്രം
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ഫെബ്രുവരിയിൽ നടന്ന കലാപത്തിൽ 50 ഓളം പേർ കൊല്ലപ്പെടുകയും 400ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ഡല്‍ഹിയില്‍ നടന്ന കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മനുഷ്യാവകാശ പ്രവർത്തകനും ജെ.എന്‍.യു മുൻ വിദ്യാർഥി നേതാവുമായ ഉമർ ഖാലിദിനെതിരെ ഡൽഹി പൊലീസിന്റെ കുറ്റപത്രം.
മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സി.എ.എ വിരുദ്ധ പ്രകടനങ്ങളിൽ ഉമര്‍ ഖാലിദ് പങ്കെടുത്തതായും ‘ഡൽഹി സ്പോട്ടർ പ്രൊട്ടസ്റ്റ്’ എന്ന പേരിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ അക്രമം ആസൂത്രണം ചെയ്തുവെന്നും 100 പേജുള്ള കുറ്റപത്രത്തിൽ ആരോപിക്കുന്നു. ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ഉമർ ഖാലിദ്, ഖാലിദ് സൈഫി, താഹിർ ഹുസൈൻ എന്നിവർക്കൊപ്പം ജനുവരി എട്ടിന് ഷഹീൻ ബാഗിൽ ഒരു യോഗം സംഘടിപ്പിച്ചതായി ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ഫെബ്രുവരിയിൽ നടന്ന കലാപത്തിൽ 50 ഓളം പേർ കൊല്ലപ്പെടുകയും 400ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വടക്കുകിഴക്കൻ ദില്ലിയിലെ ജാഫ്റാബാദിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം സ്ത്രീകൾ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ഫെബ്രുവരി 23ന് ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടർന്നായിരുന്നു കലാപം തുടങ്ങിയത്. ആകെ 53 പേർ കൊല്ലപ്പെട്ടു. ഇരകളിൽ ഭൂരിപക്ഷവും മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. നിരവധി വീടുകളും കടകളും കലാപകാരികൾ അഗ്നിക്കിരയാക്കി.