LiveTV

Live

National

ബ്രാഹ്മണര്‍ക്ക് മാത്രമായി ക്രിക്കറ്റ് ടൂര്‍ണമെന്റ്

ബ്രാഹ്മണനാണെന്ന് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമായും കളിക്കാര്‍ ഹാജരാക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു.

ബ്രാഹ്മണര്‍ക്ക് മാത്രമായി ക്രിക്കറ്റ് ടൂര്‍ണമെന്റ്

ബ്രാഹ്‍മണര്‍ക്ക് മാത്രമായി ക്രിക്കറ്റ് ടൂര്‍ണമെന്റ്. ഹൈദരാബാദിലാണ് ബ്രാഹ്മണര്‍ക്ക് മാത്രമായി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തിയത്. ഡിസംബര്‍ 25, 26 തീയതികളില്‍ നടന്ന ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്.

ഹൈദരാബാദിലെ ബി.എസ്.ആര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പ്രത്യേക നിബന്ധനകളുണ്ട്. ബ്രാഹ്മണനാണെന്ന് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമായും കളിക്കാര്‍ ഹാജരാക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു. മറ്റ് ജാതിക്കാര്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്നും നിബന്ധനകളിലുണ്ട്.

10 ഒാവർ മത്സരമായാണ്​ കളികൾ നടന്നത്​. ഒന്നാം സമ്മാനമായി 15000 രൂപയും റണ്ണറപ്പിന്​ 10000രൂപയും നൽകിയിരുന്നു. പോസ്റ്റർ വൈറലായതോടെ ചില മാധ്യമങ്ങൾ സംഘാടകരായ വിദ്യാർഥികളെ കണ്ടെത്തുകയും ടൂർണമെന്‍റിനെപറ്റി അഭിപ്രായം ആരായുകയും ചെയ്​തു. 'ബ്രാഹ്മണ സമുദായ അംഗങ്ങളെ സ്​പോർട്​സിൽ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഞങ്ങൾ ടൂർണമെന്‍റ സംഘടിപ്പിച്ചത്. മറ്റേതൊരു സമുദായത്തെ പിന്തുണക്കാനായിരുന്നെങ്കിലും ഞങ്ങളിതുതന്നെ ചെയ്യുമായിരുന്നു. ഇതിൽ എന്തെങ്കിലും പ്രശ്​നമുള്ളതായി ഞങ്ങൾ കാണുന്നില്ല. ഞങ്ങൾ സ്വയം ഇന്ത്യക്കാരാണെന്നാണ്​ കരുതുന്നത്​. അല്ലാതെ ബ്രാഹ്മണൻ ആയിട്ടല്ല'- സംഘാടകരിൽ ഒരാൾ പറഞ്ഞു.

ഒരു പ്രാദേശിക സ്വകാര്യ എന്‍ജിഒ ആണ് ടൂര്‍ണമെന്റ് നടത്തിയത്. ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ വിമര്‍ശനങ്ങളും ട്രോളുകളുമായി രംഗത്തെത്തി.

'ഈ നഗരത്തിൽ ജനിച്ച്​ വളർന്നതിനാൽ തന്നെ ഇത്തരമൊരു മത്സരം നടക്കുന്നതിൽ അത്​ഭുതമൊന്നുമില്ല. എന്‍റെ നാട്ടിൽ ബ്രാഹ്മണ വരേണ്യത എത്രമാത്രം വ്യാപകവും പിന്തിരിപ്പനുമാണെന്ന് എനിക്കറിയാം'-ഒരാൾ പ്രതികരിച്ചു.

'ബ്രാഹ്മണ ക്രിക്കറ്റ് ടൂർണമെന്‍റ്​. മറ്റ് ജാതിക്കാരെ അനുവദിക്കില്ല. ഇതാദ്യമായാണ് ഇത്തരമൊരുകാര്യം ഞാൻ പരസ്യമായി കാണുന്നത്. എന്നാൽ ഇത് തന്നെയല്ലേ ഇന്ത്യയിലെ എല്ലാ ക്രിക്കറ്റ് ടൂർണമെന്‍റിലും നടക്കുന്നത്​. എല്ലാ കമ്പനികളിലും നടക്കുന്നത്​'-മറ്റൊരാളുടെ പ്രതികരണം.