LiveTV

Live

National

ഷഹീൻ ബാഗിൽ വെടിയുതിർത്തയാൾ ബി.ജെ.പിയിൽ ചേർന്നു; വിവാദമായതോടെ ബി.ജെ.പിയുടെ പുറത്താക്കൽ നടപടി

ഹിന്ദുത്വ ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് ബി.ജെ.പി എന്നതുകൊണ്ടാണ് താൻ അംഗത്വം സ്വീകരിക്കുന്നതെന്ന് കപിൽ ഗുർജാർ പറഞ്ഞിരുന്നു.

ഷഹീൻ ബാഗിൽ വെടിയുതിർത്തയാൾ ബി.ജെ.പിയിൽ ചേർന്നു; വിവാദമായതോടെ ബി.ജെ.പിയുടെ പുറത്താക്കൽ നടപടി

ഷഹീൻ ബാഗിൽ വെടിയുതിർത്ത കപിൽ ഗുർജാർ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു. സംഭവം വിവാദമായതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് ബിജെപി പുറത്തതാക്കി. ഉത്തർ പ്രദേശിലെ ഖാസിയാബാദിൽ നിന്നാണ് കപിൽ ഗുർജാർ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ഗുർജാറിനും ഏതാനും ബഹുജൻ സമാജ് പാർട്ടി പ്രവർത്തകർക്കും ഗാസിയാബാദിലെ ബി.ജെ.പി അധികൃതരാണ് അംഗത്വം നൽകിയത്. ഹിന്ദുത്വ ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് ബി.ജെ.പി എന്നതുകൊണ്ടാണ് താൻ അംഗത്വം സ്വീകരിക്കുന്നതെന്ന് കപിൽ ഗുർജാർ പറഞ്ഞിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 1നാണ് കേന്ദ്ര പൗരത്വ നിയമത്തിനെതിരെ ഡൽഹി ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർക്കെതിരെ തോക്കുമായി കപിൽ ഗുർജാർ കടന്നുചെല്ലുന്നതും ആകാശത്തേക്ക് വെടിവെക്കുന്നതും. ഡൽഹി പോലീസ് അന്നുതന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഷഹീൻ ബാഗ് സമരക്കാർ റോഡ് തടയുന്നത് മൂലമുണ്ടായ ബുദ്ധിമുട്ടാണ് തന്റെ പ്രവൃത്തിക്ക് പിന്നിലെ കാരണമാണെന്നായിരുന്നു കപിൽ ഗുർജാറിന്റെ പ്രതികരണം. അന്വേഷണത്തിൽ ഗുർജാറും പിതാവും ആം ആദ്മി പാർട്ടി പ്രവർത്തകരാണെന്നായിരുന്നു പോലീസ് നിഗമനം. എന്നാൽ പ്രതിഷേധ രംഗത്ത് നിന്ന് പകർത്തിയ വിഡിയോയിൽ ഗുർജാർ " ഈ രാജ്യം ഹിന്ദുക്കളുടേത് മാത്രമാണ്, മറ്റാരുടേതുമല്ലാ" എന്ന് അക്രോശിക്കുന്നത് വ്യക്തമായിരുന്നു.