ചോദിച്ച പണം നല്‍കിയില്ല; 19 കാരന് മുത്തശ്ശിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു
പുതുവത്സരാഘോഷത്തിന് പണം നല്കാന് വിസമ്മതിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്
ഡല്‍ഹി: 19 കാരനായ കൊച്ചുമകന് 73 കാരിയായ മുത്തശ്ശിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ റോഹ്താഷ് നഗര്‍ സ്വദേശിനിയായ സതിഷ് ജോളിയെയാണ് കൊച്ചുമകനായ കരണ്‍ ജോളി കൊലപ്പെടുത്തിയത്. പുതുവത്സരാഘോഷത്തിന് പണം നല്കാന് വിസമ്മതിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്.
റോഹ്താഷ് നഗറിലെ വീട്ടില്‍ തനിച്ചായിരുന്നു സതീഷ് ജോളി താമസിച്ചിരുന്നത്. മൂത്തമകന് സഞ്ജയ് ആദ്യ ഭാര്യയോടും രണ്ട് മക്കളോടും ഒപ്പം താമസിക്കുകയാണ്. രണ്ടാമത്തെ മകന് മനോജ് സമീപത്താണ് താമസിക്കുന്നത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ പ്രതിയായ കരണ്‍ മുത്തശ്ശിയായ സതീഷ് ജോളിയോട് പണം തരാന്‍ ആവശ്യപ്പെട്ടു, വിസമ്മതിച്ചപ്പോള്‍ കൊല്ലുകയും തുടര്‍ന്ന് 18,000 രൂപ മോഷ്ടിക്കുകയും ചെയ്തു എന്നാണ് പോലീസ് കണ്ടെത്തല്‍.
പണവുമായി മുങ്ങിയ പ്രതിയെ പിന്നീട് പേലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് പോലീസ് വിവരമറിയുന്നത്, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സതീഷ് ജോളിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഉത്തര്‍പ്രദേശ് മീററ്റിലെ കോളേജിലെ ബിസിനസ് അഡ്മിനിസ്ട്രേഷന് വിദ്യാര്‍ത്ഥിയാണ് പ്രതിയായ കരണ്‍.