ശിവസേന മുഖപത്രം സാമ്നയുടെ മുഖപ്രസംഗത്തിൽ വിശദീകരണവുമായി എക്സിവ്യൂട്ടീവ് എഡിറ്റർ സഞ്ജയ് റാവത്ത്
യു.പി.എ വിപുലീകരിച്ച് ബി.ജെ.പി വിരുദ്ധ പാർട്ടികളെല്ലാം യു.പി.എക്ക് പിന്നില്‍ അണിനിരക്കണം. യു.പി.എ ചെയർപേഴ്സണ്‍ സ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി മാറണമെന്ന് പറഞ്ഞിട്ടില്ലെന്നും സഞ്ജയ് റാവത്ത് വിശദീകരിച്ചു

പ്രതിപക്ഷം ദുർബലമാണെന്ന ശിവസേന മുഖപത്രം സാമ്നയുടെ മുഖപ്രസംഗത്തിൽ വിശദീകരണവുമായി എക്സിവ്യൂട്ടീവ് എഡിറ്റർ സഞ്ജയ് റാവത്ത്. യു.പി.എ വിപുലീകരിച്ച് ബി.ജെ.പി വിരുദ്ധ പാർട്ടികളെല്ലാം യു.പി.എക്ക് പിന്നില്‍ അണിനിരക്കണം. യു.പി.എ ചെയർപേഴ്സണ്‍ സ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി മാറണമെന്ന് പറഞ്ഞിട്ടില്ലെന്നും സഞ്ജയ് റാവത്ത് വിശദീകരിച്ചു. യു.പി.എയുടെ ഭാഗമല്ലാത്ത ശിവസേന ഇത്തരം പ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി. കോണ്ഗ്രിസിനും യു.പി.എക്കുമെതിരെ വിമർശനവുമായി ശനിയാഴ്ചയാണ് ശിവസേന മുഖപത്രം സാമ്ന എഡിറ്റോറിയല്‍ എഴുതിയത്.
പ്രതിപക്ഷം ശക്തമല്ലാത്തതിനാലാണ് കർഷക സമരത്തോട് കേന്ദ്ര സർക്കാർ മുഖം തിരിക്കുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ എന്‍.ജി.ഒകളെപോലെ പ്രവർത്തിക്കുന്നു. രാഹുല്‍ ഗാന്ധി ശക്തമായി പോരാടുന്നുണ്ട്. എന്‍.സി.പി നേതാവ് ശരത് പവാർ ദേശീയ തലത്തില്‍ ശക്തമായ വ്യക്തിത്വമാണ്. ബംഗാളില്‍ മമത ബാനര്‍ജിയും പോരാട്ടം നയിക്കുന്നു. മമതയെ പിന്തുണച്ചത് ശരത് പവാർ മാത്രമാണ്. ഇത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കണം എന്നുമായിരുന്നു മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെയാണ് ശിവസേന അടക്കം മുഴുവന്‍ ബിജെപി വിരുദ്ധ പാർട്ടികളും യുപിഎക്ക് കീഴില്‍ വരണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞത്. ഏകാധിപത്യ ഭരണം അവസാനിപ്പിക്കണമെങ്കില്‍ യു.പി.എ വിപുലീകരിക്കണം. ദുർബല പ്രതിപക്ഷം ജനാധിപത്യത്തിന് ദോഷമാണ്. സോണിയ ഗാന്ധി യുപിഎയെ ശക്തമായാണ് നയിക്കുന്നത് എന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
യു.പി.എയുടെ ഭാഗമല്ലാത്ത ശിവസേന ഇത്തരം പ്രതികരണങ്ങള്‍ നടത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബി.ജെ.പി വിരുദ്ധ പാർട്ടികള്‍ യു.പി.എയില്‍ ചേരുന്നത് സ്വാഗതാർഹമാണ്. കർഷക പ്രതിഷേധത്തെ പ്രതിപക്ഷം ഗൌരവത്തില്‍ എടുത്തില്ല എന്നത് അംഗീകരിക്കാനാകില്ല എന്നും കോൺഗ്രസ് നേതാവ് നസീം ഖാന് പ്രതികരിച്ചു.