LiveTV

Live

National

കര്‍ഷകര്‍ക്ക് പിന്തുണ: മുന്‍ എംപി ബിജെപി വിട്ടു

കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് എൻഡിഎ സഖ്യകക്ഷിയായ ആർഎൽപി മുന്നണി വിട്ടു

കര്‍ഷകര്‍ക്ക് പിന്തുണ: മുന്‍ എംപി ബിജെപി വിട്ടു

ലോക്​സഭാ മുന്‍ എം.പിയും ബി.ജെ.പി നേതാവുമായ ഹരീന്ദർ സിങ്​ ഖൽസ പാർട്ടിയിൽ നിന്ന്​ രാജിവെച്ചു. കര്‍ഷക സമരത്തോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി.

മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം ഒരു മാസം പിന്നിട്ടു. സമരം ചെയ്യുന്ന കര്‍ഷകരോടും അവരുടെ കുടുംബങ്ങളോടും ബിജെപിയും മോദി സര്‍ക്കാരും അനുഭാവപൂര്‍ണമായി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് നേതാവിന്‍റെ രാജി.

ശിരോമണി അകാലിദളിലൂടെയാണ് ഹരീന്ദര്‍ സിങ് രാഷ്​ട്രീയ ജീവിതം ആരംഭിച്ചത്​. പിന്നീട് എഎപിയിലെത്തി. 2014ല്‍ പഞ്ചാബിലെ ​ഫതേഗർ സാഹിബ്​ മണ്ഡലത്തിൽ നിന്ന്​ ആം ആദ്​മി പാർട്ടി ടിക്കറ്റിൽ മത്സരിച്ചാണ് ഖല്‍സ എംപിയായത്. എഎപി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ച് ബിജെപിയില്‍ എത്തുകയായിരുന്നു. 2019ലാണ് ബിജെപിയിലെത്തിയത്.

കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് എൻ.ഡി.എ സഖ്യകക്ഷിയായ ആർ.എൽ.പി മുന്നണി വിട്ടു. കർഷകർക്കെതിരായ ആരുമായും തങ്ങൾ നിലകൊള്ളില്ലെന്ന് ആർ.എൽ.പി നേതാവും രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള ലോക്സഭാ എം.പിയുമായ ഹനുമാൻ ബെനിവാൾ പറഞ്ഞു. പുതിയ കാർഷിക നിയമങ്ങളെച്ചൊല്ലി എൻ.‌ഡി.‌എയിൽ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ സഖ്യകക്ഷിയാണ് ലോക് താന്ത്രിക് പാർട്ടി. അകാലിദളാണ് ഇതിന് മുമ്പ് മുന്നണി വിട്ടത്.