LiveTV

Live

National

"തല ഭിത്തിയിലിടിപ്പിച്ചു, വസ്ത്രം വലിച്ചുകീറി" ഇഷ്‌റത്ത് ജഹാന് നേരെ ജയിലില്‍ ക്രൂര മര്‍ദ്ദനം

കഴിഞ്ഞ മാസം 20നും ഇശ്റത്തിനെതിരെ ജയിലിൽ ആക്രമണ ശ്രമങ്ങൾ നടന്നിരുന്നു.

"തല ഭിത്തിയിലിടിപ്പിച്ചു, വസ്ത്രം വലിച്ചുകീറി" ഇഷ്‌റത്ത് ജഹാന് നേരെ ജയിലില്‍ ക്രൂര മര്‍ദ്ദനം

ഡൽഹി വംശീയാതിക്രമത്തിൽ കുറ്റാരോപിതയായി ജയിലിൽ കഴിയുന്ന മുൻ കോൺഗ്രസ് കൗൺസിലർ ഇശ്‌റത്ത് ജഹാൻ മണ്ടോളി ജയിലിൽ ക്രൂര മർദ്ദനത്തിന് ഇരയായതായി പരാതി. ഇശ്റത്തിന്റെ ഭർത്താവ് ഫർഹാൻ ഹാശ്മിയും സഹോദരി സാർവർ ജഹാനുമാണ് പരാതി ഉന്നയിച്ചത്. കഴിഞ്ഞ മാസം 20നും ഇശ്റത്തിനെതിരെ ജയിലിൽ ആക്രമണ ശ്രമങ്ങൾ നടന്നിരുന്നു. ഇശ്‌റത്ത് ജയിലിൽ സുരക്ഷിതയല്ലെന്നാണ് കുടുംബം പറയുന്നത്. കുടുംബം ഏറെ പരിഭ്രാന്തിയിലാണ് കഴിയുന്നതെന്ന് സഹോദരി സാർവർ പറഞ്ഞു.

"ഇതിപ്പോൾ രണ്ടാം തവണയാണ്. ഇശ്റത്തിന്റെ വസ്ത്രങ്ങൾ കീറിയിട്ടുണ്ട്. പല പ്രാവശ്യം തല ഭിത്തിയിൽ ഇടിപ്പിച്ചിട്ടുമുണ്ട്. തുടർച്ചയായി അവൾക്കെതിരെ അതിക്രമങ്ങളും ഭീഷണികളും ഉണ്ടാകുന്നുണ്ട്. അവളെ സമാധാനത്തോടെ ജീവിക്കാൻ അവർ അനുവദിക്കുന്നില്ല. എല്ലാം അവളിൽ നിന്ന് അപഹരിക്കാനാണവർ ലക്ഷ്യം വെക്കുന്നത്. ഇശ്‌റത്ത് നല്ല അവസ്ഥയിലല്ല. അവൾ സുരക്ഷിതയല്ല." ഭർത്താവ് ഫർഹാൻ ഹാശ്മി പറഞ്ഞു.

ഇശ്റത്തിന്റെ അഭിഭാഷകൻ സംഭവത്തെ കുറിച്ച് നൽകിയ പരാതിയിൽ കർകർധൂമ കോടതി അഡിഷണൽ സെഷൻസ് ജഡ്ജ് അമിതാഭ് റാവത്ത് വേണ്ട നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. "വാദം കേൾക്കുമ്പോൾ ഇശ്‌റത്ത് കരയുകയായിരുന്നു. അവരുടെ ശബ്ദം ഭീതി നിറഞ്ഞതായിരുന്നു. " വാദം കേട്ട ശേഷം അമിതാബ് റാവത്ത് പറഞ്ഞു. മണ്ടോളി ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരായിരുന്നു. സംഭവത്തെ ശരിവെച്ച സൂപ്രണ്ട് വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് പറഞ്ഞത്.