LiveTV

Live

National

ചൈനീസ് സൈനികർ അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് കടന്നെന്ന് റിപ്പോർട്ട്

ലേയിലുള്ള ചാങ് താങ് ഗ്രാമത്തിൽ ചൈനീസ് സൈനികർ സിവിൽ വേഷത്തിൽ അതിർത്തി കടന്നു

ചൈനീസ് സൈനികർ അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് കടന്നെന്ന് റിപ്പോർട്ട്

അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനമുണ്ടായതായി റിപ്പോർട്ട്‌. ലേയിലുള്ള ചാങ് താങ് ഗ്രാമത്തിൽ ചൈനീസ് സൈനികർ സിവിൽ വേഷത്തിൽ അതിർത്തി കടന്നു. ഇവരെ ഐടിബിപി വിഭാഗം എത്തി തിരിച്ചയച്ചു എന്നും ഗ്രാമവാസികൾ പകർത്തിയ ദൃശ്യങ്ങൾ ഉദ്ധരിച്ചു ദേശീയ ദിനപത്രം റിപ്പോർട്ട്‌ ചെയ്തു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ലേ ലഡാക്കിൽ നിന്ന് 135 കിലോമീറ്റർ കിഴക്ക് മാറി ന്യോമ മേഖലയിലാണ് ചൈനീസ് സൈനികർ എത്തിയത്. രണ്ട് വാഹനങ്ങളിലായി എത്തിയ ഇവർ സിവിൽ വേഷത്തിൽ ആയിരുന്നുവെന്നും കൈവശം ലഘുലേഖകൾ ഉണ്ടായിരുന്നു എന്നുമാണ് റിപ്പോർട്ട്‌.

ടിബറ്റൻ അഭയാർത്ഥികൾ താമസിക്കുന്ന പ്രദേശമാണ് ന്യോമ. ഇവരെ സ്വാധീനിക്കാനാണ് ചൈനീസ് സൈനികർ എത്തിയത് എന്നാണ് വിലയിരുത്തൽ. എന്നാൽ പ്രദേശവാസികൾ ഇവരെ തടയുകയും ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് സൈനികരെ മടക്കി അയച്ചു. വിഷയത്തിൽ പ്രതികരിക്കാൻ ഐ ടി ബി പി തയ്യാറായിട്ടില്ല.

കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ചൈന അതിർത്തിയിൽ പ്രകോപനം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. പല ഘട്ടങ്ങളിലായി ചർച്ചകൾ പുരോഗമിക്കുമ്പോഴും ചൈന അതിനെ അട്ടിമറിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ലേയിൽ ഉണ്ടായത്.