LiveTV

Live

National

സമരം ശക്തമാക്കി കര്‍ഷകര്‍; റിലേ നിരാഹാര സമരം തുടങ്ങി

മഹാരാഷ്ട്രയിലെ കർഷകർ ഇന്ന് നാസിക്കില്‍ നിന്ന് ചലോ ഡല്‍ഹി യാത്ര ആരംഭിക്കും. അതേസമയം കർഷകരെ അടുത്ത ഘട്ട ചർച്ചക്ക് വിളിച്ച സർക്കാർ, സൌകര്യപ്രദമായ തിയ്യതി അറിയിക്കാന്‍ ആവശ്യപ്പെട്ടു.

സമരം ശക്തമാക്കി കര്‍ഷകര്‍; റിലേ നിരാഹാര സമരം തുടങ്ങി

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ കർഷകരുടെ റിലെ നിരാഹാര സമരം തുടങ്ങി. അടുത്ത ഘട്ട ചർച്ചക്ക് സർക്കാർ ക്ഷണിച്ചത് ആത്മാർത്ഥയോടെ അല്ലെന്ന് കർഷകർ ആരോപിച്ചു. ഇക്കാര്യം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ നേതാക്കൾ ഇന്ന് ആറ് മണിക്ക് യോഗം ചേരും.

മഹാരാഷ്ട്രയിലെ കർഷകർ നാസിക്കിൽ നിന്നും ചലോ ദില്ലി മാർച്ച് ആരംഭിച്ചു. ഡല്‍ഹിയിലെ താപനില മൂന്ന് ഡിഗ്രിക്കും താഴെ പോയെങ്കിലും കർഷക രോഷം കെടാതെ മുന്നേറുകയാണ്. സമരത്തിന്റെ 26ആം ദിവസം റിലെ നിരാഹാര സമരം തുടങ്ങി. കർഷക ദിവസായി ആചരിക്കുന്ന 23ന് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തിൽ കർഷക സംഘടനാ നേതാക്കൾ ഭാവി പരിപാടികൾ നിശ്ചയിക്കും.

പ്രശ്നപരിഹാരത്തിനായുള്ള കർഷകരെ സർക്കാർ ചർച്ചക്ക് ക്ഷണിച്ചത് ആത്മാർത്ഥമായല്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സുപ്രീംകോടതി നിർദേശമുള്ളത് കൊണ്ടുമാത്രമാണ് ചർച്ചക്ക് സർക്കാർ തയ്യാറാകുന്നത്. ചർച്ചക്ക് പോകണമോ എന്ന കാര്യത്തില്‍ കർഷകർ ധാരണയായിട്ടില്ല. കോർപറേറ്റ് വിരുദ്ധ ദിനം ആചരിക്കാൻ നിശ്ചയിക്കുന്ന ദിവസം എന്ത് മുദ്രാവാക്യം ഉയർത്തണമെന്ന് തീരുമാനിക്കും. ഡിസംബര്‍ 26 - 27 തിയ്യതികളില്‍ കര്‍ഷകര്‍ എന്‍ഡിഎ ഘടക കക്ഷികള്‍ക്ക് കത്തെഴുതാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് നടക്കുമ്പോൾ പാത്രം കൊട്ടി പ്രതിഷേധിക്കും. മഹാരാഷ്ട്രയിൽ നിന്ന് 4000 കർഷകർ നാസിക്കില്‍ നിന്ന് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.