പ്രതിഷേധത്തിന് പിന്നാലെ കര്‍ഷകരുടെ ഫേസ് ബുക്ക് പേജ് തിരിച്ചെത്തി
കര്‍ഷക കൂട്ടായ്മയുടെ ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ നീക്കം ചെയ്തതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഫേസ് ബുക്ക് ബ്ലോക്ക് ചെയ്ത കിസാന്‍ ഏക്ത മോര്‍ച്ചയുടെ പേജ് തിരിച്ചെത്തി. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക കൂട്ടായ്മയുടെ ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ ബ്ലോക്ക് ചെയ്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് പേജ് പുനസ്ഥാപിക്കപ്പെട്ടത്.
അഞ്ച് ദിവസം മുന്‍പ് തുടങ്ങിയ, 75000 ഫോളോവേഴ്സ് ഉള്ള പേജാണ് ഫേസ് ബുക്ക് ബ്ലോക്ക് ചെയ്തത്. കമ്യൂണിറ്റി ഗൈഡ് ലൈന്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഫേസ് ബുക്ക് ബ്ലോക്ക് ചെയ്തതെന്ന് ഗ്രൂപ്പിന്റെ ഐടി സെല്‍ കൈകാര്യം ചെയ്യുന്ന ബല്‍ജീത് സിങ് പറഞ്ഞു.
“നരേന്ദ്ര മോദിയുടെ പ്രസംഗം തുറന്നുകാട്ടുന്ന വീഡിയോ ക്ലിപ്പുകൾ ഞങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഓരോ നുണയും വസ്തുതകളും ഉദാഹരണങ്ങളും ഉപയോഗിച്ച് എതിർത്തു. തുടർന്ന് യോഗേന്ദ്ര യാദവ് ലൈവില്‍ സംസാരിക്കുന്നതിനിടെയാണ് പേജ് നീക്കംചെയ്യപ്പെട്ടത്".
ഇത് ലജ്ജാകരം എന്നാണ് ഫേസ് ബുക്ക് പേജ് നീക്കം ചെയ്തതിനെതിരെ ഹരിയാനയിലെ ഭാരതീയ കിസാൻ യൂണിയന് നേതാവ് ഭൂപേന്ദ്ര ചൗധരി പ്രതികരിച്ചത്. ഇതാദ്യമായല്ല ഫേസ്ബുക്ക് സർക്കാരിനെ പരസ്യമായി അനുകൂലിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഭൂപേന്ദ്ര ചൗധരി പറഞ്ഞു. കിസാന്‍ ഏക്ത മോര്‍ച്ചയുടെ അക്കൗണ്ടുകള്‍ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിന് വിധേയമായെന്ന് കര്‍ഷകര്‍ ആരോപിച്ചു.
ഫേസ് ബുക്കിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പേജ് പുനസ്ഥാപിക്കുകയായിരുന്നു. അസൌകര്യത്തില്‍ ഖേദിക്കുന്നുവെന്നാണ് ഫേസ് ബുക്ക് വക്താവ് അറിയിച്ചതെന്ന് കര്‍ഷക നേതാക്കള്‍ പ്രതികരിച്ചു.