ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് തയ്യാര്‍: ഇലക്ഷന് കമ്മീഷണര്‍
രാജ്യത്ത് ഇടക്കിടെ മാസങ്ങള്‍ ഇടവിട്ട് തെരഞ്ഞെടുപ്പ് നടത്തുന്നത് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വാദം

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം നടപ്പാക്കാൻ തയ്യാറാണെന്ന് മുഖ്യ ഇലക്ഷന് കമീഷണര്‍ സുനിൽ അറോറ. നിയമത്തിലെ ഭേദഗതികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് സാധ്യമാകും എന്നാണ് സുനില്‍ അറോറ പറഞ്ഞത്.
രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇത് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വാദം. കഴിഞ്ഞ മാസമാണ് ഒരൊറ്റ വോട്ടര്‍ പട്ടിക, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി പങ്കുവെച്ചത്. നേരത്തെയും മോദി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. 2016 മുതല്‍ അദ്ദേഹം ഇക്കാര്യം പറയുന്നുണ്ട്.
നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 2018ല്‍ നിയമ കമ്മീഷനും ഇക്കാര്യം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പ്രതിപക്ഷം ഈ ആശയത്തോട് യോജിക്കുന്നില്ല. വിശാലമായ ജനാധിപത്യത്തെ പരിമിതപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വിയോജിപ്പ് രേഖപ്പെടത്തിയിട്ടുണ്ട്.