കര്‍ഷക സമരം 26-ാം ദിവസം; ചർച്ചക്ക് ക്ഷണിച്ച് കേന്ദ്രം, പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍
സുപ്രീംകോടതി നിർദേശമുള്ളത് കൊണ്ട് മാത്രമാണ് ചർച്ചക്ക് സർക്കാർ തയ്യാറാകുന്നത്

കാർഷിക പരിഷ്ക്കരണ നിയമങ്ങള്‍ക്കെതിരായ കർഷകരുടെ സമരം 26 ദിവസം പിന്നിട്ടു. രാജ്യത്തെവിവിധ സമര പന്തലുകളിൽ ഇന്ന് റിലെ നിരാഹാരം ആരംഭിച്ചു. കർഷകരെ അടുത്ത ഘട്ട ചർച്ചക്ക് സർക്കാർ ക്ഷണിച്ചെങ്കിലും പങ്കെടുക്കാൻ കർഷകർ തയ്യാറായിട്ടില്ല.
ഡല്‍ഹിയിലെ താപനില മൂന്ന് ഡിഗ്രിക്കും താഴെ പോയെങ്കിലും കർഷക രോഷം കെടാതെ മുന്നേറുകയാണ്. സമരത്തിന്റെ 26ആം ദിവസം റിലെ നിരാഹാര സമരം തുടങ്ങി. ഡൽഹി - മീററ്റ് ദേശീയപാത കർഷകർ പൂർണമായും ഉപരോധിക്കുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരെ ഗാസിപൂരിന് സമീപം പോലീസ് തടഞ്ഞതിനെ തുടർന്നാണ് ദേശീയപാത ഉപരോധിച്ചത്. പഞ്ചാബിൽ നിന്നുള്ള കർഷക നേതാക്കൾ പങ്കെടുന്നുണ്ട്. ഗാസിപൂരിലെ സമരകേന്ദ്രത്തിൽ കടത്തിവിടാമെന്ന് പോലീസ് ഉറപ്പ് നൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു.
പ്രശ്നപരിഹാരത്തിനായുള്ള കർഷകരെ സർക്കാർ ചർച്ചക്ക് ക്ഷണിച്ചത് ആത്മാർത്ഥമായല്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സുപ്രീംകോടതി നിർദേശമുള്ളത് കൊണ്ട് മാത്രമാണ് ചർച്ചക്ക് സർക്കാർ തയ്യാറാകുന്നത്. കാർഷിക പരിഷ്ക്കരണ നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരും. പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് നടക്കുമ്പോൾ പാത്രം കൊട്ടി പ്രതിഷേധിക്കും.
മഹാരാഷ്ട്രയിൽ നിന്ന് നാലായിരം കർഷകർ നാസിക്കില്‍ നിന്ന് കിസാന്‍സഭയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മുംബൈയിലുള്ള അംബാനി, അദാനി കമ്പനികളുടെ ഓഫീസ് കർഷകർ നാളെ ഉപരോധിക്കും