കന്നുകാലി മോഷണം ആരോപിച്ച് ബിഹാറില്‍ മുസ്ലിം യുവാവിനെ അടിച്ച് കൊന്നു
മണിക്കൂറുകളോളം മർദിച്ചാണ് മുഹമ്മദ് ആലംഗീറിനെ കൊലപ്പെടുത്തിയത്

കന്നുകാലി മോഷണം ആരോപിച്ച് ബിഹാറിൽ 32കാരനായ മുസ്ലിം യുവാവിനെ ആൾക്കൂട്ടം അടിച്ച് കൊന്നു. പാട്നക്കടുത്ത് ഫുൽവാരിഷെരീഫിൽ ബുധനാഴ്ചയാണ് സംഭവം. മണിക്കൂറുകളോളം മർദിച്ചാണ് മുഹമ്മദ് ആലംഗീറിനെ കൊലപ്പെടുത്തിയത്.
ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെ ആലംഗീറും മറ്റൊരാളും ചേർന്ന് ഒരു തൊഴുത്തിൽ നിന്ന് പോത്തിനെ അഴിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു എന്നാരോപിച്ചാണ് ആൾക്കൂട്ടം ആക്രമിച്ചത്.
ആലംഗീറിന്റെ കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഉച്ചയോടെയാണ് പൊലീസുകാർ എത്തിയത്. അതുവരെ ആലംഗീറിന് മർദനമേറ്റുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.