കഫീൽ ഖാനെതിരായ കേന്ദ്ര-യു.പി സര്‍ക്കാറുകളുടെ ഹരജി കോടതി തള്ളി
ഡോക്ടറെ മോചിപ്പിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്ഥിരീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയാണ് വിധി പ്രസ്താവിച്ചത്

കഫീൽ ഖാനെതിരെ യു.പി സർക്കാറും കേന്ദ്ര സർക്കാറും നൽകിയ ഹരജി സുപ്രീംകോടതി തള്ളി. എൻ.എസ്.എ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ യാതൊരു കാരണവുമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രസംഗത്തിന് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) ഡോക്ടർ കഫീൽ ഖാനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തിയ കേസാണ് സുപ്രീം കോടതി തള്ളിയത്.
ഡോക്ടറെ മോചിപ്പിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്ഥിരീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയാണ് വിധി പ്രസ്താവിച്ചത്.
ഹൈക്കോടതി ഉത്തരവ് മികച്ചതാണ്, വിധിയില്‍ ഇടപെടാൻ ഒരു കാരണവും തങ്ങൾ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ക്രിമിനൽ കേസുകളിലെ വിചാരണയെ ഈ നിരീക്ഷണങ്ങൾ ബാധിക്കില്ലെന്നും ജസ്റ്റിസ് ബോബ്ഡെ അറിയിച്ചു.