ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ 'ലൗ ജിഹാദ്' നിയമത്തിനെതിരെ തുറന്നടിച്ച് നടി താപ്സി പന്നു
''ഇപ്പോൾ മാതാപിതാക്കളുടെ അനുമതി മതിയാകില്ല. നമുക്ക് വിവാഹം കഴിക്കാൻ സർക്കാർ അനുമതിക്കായി അപേക്ഷിക്കണം''

ഉത്തര്‍പ്രദേശ് ഗവണ്മെന്റ് പുതുതായി നടപ്പിലാക്കിയ 'ലൗ ജിഹാദ്' നിയമത്തിനെതിരെ തുറന്നടിച്ച് ബോളിവുഡ് നടി താപ്സി പന്നു. നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍ തടയാന്‍ എന്ന പേരില്‍ നവംബര്‍ 27നാണ് യോഗി ആദിത്യനാഥ് ഗവണ്മെന്റ് ഈ നിയമം നടപ്പിലാക്കിയത്.
ഹിന്ദുമഹാസഭയുടെ പരാതിയില്‍ ലഖ്നൗ പൊലീസ് വിവാഹം റദ്ദ് ചെയ്ത വാര്‍ത്ത ചേര്‍ത്താണ് താപ്സി ട്വീറ്റ് ചെയ്തത്.
'ഇപ്പോൾ മാതാപിതാക്കളുടെ അനുമതി മതിയാകില്ല. നമുക്ക് വിവാഹം കഴിക്കാൻ സർക്കാർ അനുമതിക്കായി അപേക്ഷിക്കണം. പുതിയ തലമുറ ഇത് നിങ്ങളുടെ വിവാഹത്തില്‍ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക' നടി എഴുതി.
നിർബന്ധ മതപരിവർത്തനം കുറ്റകരമാക്കുന്നതാണ് ഈ നിയമം. ‘ബലപ്രയോഗം, വഞ്ചന, അനാവശ്യ സ്വാധീനം, ബലാൽക്കാരം, പ്രണയം അല്ലെങ്കിൽ വിവാഹം’ എന്നിവയിലൂടെ ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യുന്നത് ഈ നിയമം വിലക്കുന്നു.
നിർബന്ധിത മതപരിവർത്തനത്തിന് ഒന്നു മുതൽ അഞ്ച് വർഷം വരെ ശിക്ഷയും 15,000 രൂപ വരെ പിഴയുമാണ് ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടിക ജാതി – പട്ടിക വർഗത്തിൽ ഉൾപ്പെട്ടവർ എന്നിവരെ മതപരിവർത്തനം നടത്തിയാൽ മൂന്ന് മുതൽ പത്ത് വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് നിയമം അനുശാസിക്കുന്നത്.