LiveTV

Live

National

കർഷകരെ മാധ്യമങ്ങൾ ഖലിസ്ഥാനികളെന്ന് വിളിക്കരുത്: നിർദേശവുമായി എഡിറ്റേഴ്‌സ് ഗിൽഡ്

സമരം നടത്തുന്ന കർഷകർക്കെതിരെ ചില സർക്കാർ അനുകൂല മാധ്യമങ്ങൾ അധിക്ഷേപകരമായ രീതിയിൽ വാർത്ത കൊടുത്തിരുന്നു.

കർഷകരെ മാധ്യമങ്ങൾ ഖലിസ്ഥാനികളെന്ന് വിളിക്കരുത്: നിർദേശവുമായി എഡിറ്റേഴ്‌സ് ഗിൽഡ്

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ ഖലിസ്ഥാനികളെന്നും ദേശവിരുദ്ധരെന്നും വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. സമരക്കാർക്കുമേൽ തെൡവില്ലാതെ നടത്തുന്ന വിശേഷണങ്ങൾ മാധ്യമ ധാർമികതക്കും ഉത്തരവാദിത്ത മാധ്യമപ്രവർത്തനത്തിനും എതിരാണെന്നും ഇത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു.

'കർഷക പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ മാന്യതയും വസ്തുനിഷ്ഠതയും സമതുല്യതയും പാലിക്കണം. ഭരണഘടനാപരമായ അവകാശങ്ങൾ ഉപയോഗപ്പെടുത്തി സമരം ചെയ്യുന്നവർക്കെതിരെ പക്ഷപാതം കാണിക്കരുത്. സമരക്കാരുടെ വസ്ത്രമോ വംശമോ നോക്കി അധിക്ഷേപിക്കുന്ന രീതിയുമായി മാധ്യമങ്ങൾ പക്ഷം ചേരരുത്...'

എഡിറ്റേഴ്‌സ് ഗിൽഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പ്രസിഡണ്ട് സീമ മുസ്തഫ, ജനറൽ സെക്രട്ടറി സഞ്ജയ് കപൂർ, ട്രഷർ അനന്ത്‌നാഥ് എന്നിവർ ഒപ്പുവെച്ചതാണ് പ്രസ്താവന.

പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമെത്തി ഡൽഹി അതിർത്തിയിൽ സമരം നടത്തുന്ന കർഷകർക്കെതിരെ ചില സർക്കാർ അനുകൂല മാധ്യമങ്ങൾ അധിക്ഷേപകരമായ രീതിയിൽ വാർത്ത കൊടുത്തിരുന്നു. ഇതേത്തുടർന്ന് ടൈംസ് നൗ, സീ ന്യൂസ്, ആജ് തക്, റിപ്പബ്ലിക് തുടങ്ങിയ മാധ്യമങ്ങൾ തങ്ങളുടെ സമരം റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നും ഈ മാധ്യമങ്ങൾക്ക് ഇന്റർവ്യൂ നൽകില്ലെന്നും സമരക്കാർ വ്യക്തമാക്കിയിരുന്നു.