LiveTV

Live

National

ബി.ജെ.പി എം.എല്‍.എ മര്‍ദ്ദിച്ചു: ഗര്‍ഭം അലസിയെന്ന പരാതിയുമായി വനിതാ കൌണ്‍സിലര്‍

കഴിഞ്ഞ നവംബർ ഒൻപതിനാണ്​സംഭവം. ബാഗല്‍കോട്ടില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എം.എല്‍.എയുടെ മര്‍ദ്ദനമുണ്ടായതെന്നാണ് കൌണ്‍സിലറുടെ പരാതി.

ബി.ജെ.പി എം.എല്‍.എ മര്‍ദ്ദിച്ചു: ഗര്‍ഭം അലസിയെന്ന പരാതിയുമായി വനിതാ കൌണ്‍സിലര്‍

നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനിടെ ബി.ജെ.പി എം.എൽ.എയുടെ മര്‍ദ്ദനമുണ്ടായെന്നും ആ മര്‍ദ്ദനത്തിനിടയില്‍ ചവിട്ടേറ്റ് വീണ് തന്‍റെ ഗര്‍ഭം അലസിയെന്നും ഉള്ള പരാതിയുമായി വനിത കൌണ്‍സിലര്‍. കർണാടകയിലാണ് സംഭവം. തെർദലിലെ ബിജെ.പി എം.എൽ.എ സിദ്ധു സാവദിക്കെതിരെയാണ്​കൗൺസിലർ ചാന്ദ്നി നായിക്ക് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ നവംബർ ഒൻപതിനാണ്​ സംഭവം. ബാഗല്‍കോട്ടില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എം.എല്‍.എയുടെ മര്‍ദ്ദനമുണ്ടായതെന്നാണ് കൌണ്‍സിലറുടെ പരാതി. മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി, മഹാലിംഗപുരത്തെ മുനിസിപ്പൽ കൗൺസിൽ ബിൽഡിംഗിലെത്തിയ ചാന്ദ്നിയടക്കമുള്ള കൗൺസിലർമാരെ എം.എൽ.എയും സംഘവും മര്‍ദ്ദിക്കുകയും ചവിട്ടിവീഴ്ത്തുകയുമായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ അന്നുതന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കെട്ടിടത്തിന്‍റെ പ്രധാന പ്രവേശ കവാടത്തില്‍ വെച്ചാണ് എം.എല്‍.എ തന്നെ തള്ളിയിട്ടതെന്നും. ഗേറ്റിലേക്കിടിച്ചാണ് താന്‍ മറിഞ്ഞുവീണതെന്നും അതിലാണ് തനിക്ക് ഈ ബുദ്ധിമുട്ട് ഉണ്ടായതെന്നും ചാന്ദ്നി പറയുന്നു. തന്‍റെ ഭാര്യ മൂന്നുമാസം ഗര്‍ഭിണിയായിരുന്നുവെന്നും അവരെ എം.എല്‍.എയും കൂട്ടാളികളും മര്‍ദ്ദിക്കുകയും തറയിലൂടെ വലിച്ചിഴക്കുകയും ചെയ്തുവെന്നും ചാന്ദ്നിയുടെ ഭര്‍ത്താവ് നാഗേഷ് പറയുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എം.എൽ.എ നിഷേധിച്ചു. തനിക്കെതിരെ ആരോപണ മുന്നയിക്കുന്ന കൗൺസിലർ ആറുവർഷം മുമ്പ്​പ്രസവം നിര്‍ത്തിയതാണെന്നും സമീപകാലത്ത്​അബോര്‍ഷനായി അവര്‍​ ആശുപത്രിയിലെത്തിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നാണ് എം.എൽ.എയുടെ പ്രതികരണം.

കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ചാന്ദ്നിയടക്കമുള്ള സ്ത്രീകള്‍ മത്സരത്തിനൊരുങ്ങിയതാണ് എം.എല്‍.എയെയും കൂട്ടാളികളെയും പ്രകോപിപ്പിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് ഈ സ്ത്രീകളെ തടയുകയായിരുന്നു എം.എല്‍.എയുടെയും കൂട്ടാളികളുടെയും ശ്രമം.