''ഇവർ ബോളിവുഡിൽ നിന്നുള്ളവരല്ല, പഞ്ചാബിൽ നിന്നുള്ളവരാണ്, സാമാന്യ ബുദ്ധി ഇല്ലാതെ സംസാരിക്കരുത്'' കങ്കണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകന് ദില്‍ജിത്ത്
ബിൽകിസ് ബാനുവിനും 73 വയസ്സുകാരനായ കർഷകൻ മോഹിന്ദർ കൗറിനുമെതിരെയുള്ള പരാമർശത്തിനെതിരെയാണ് ദിൽജിത് പ്രതികരിച്ചത്

കങ്കണ റണാവത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച ഗായകന് ദിൽജിത്താണ് ഇപ്പോൾ ട്വിറ്ററിൽ താരം. കർഷക സമരത്തിനും, ഷെഹീൻ ബാഗ് ആക്റ്റീവിസ്റ്റ് ബിൽകിസ് ബാനുവിനുമെതിരെ കങ്കണ നടത്തിയ പരാമർശത്തിനെതിരെയാണ് ദിൽജിത്ത് പ്രതികരിച്ചത്. അമ്മമാരെപ്പോലും ഇങ്ങനെ കുറ്റം പറയാന്‍ എങ്ങനെ തോനുന്നുവെന്നും സാമാന്യ ബുദ്ധിയില്ലാതെ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ സംവിധായക അശ്വനി ചൗദരി ദിൽജിത്തിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തി. കങ്കണ ബോളിവുഡിലുള്ള എല്ലാവരെയും കഴിഞ്ഞ കുറച്ച് മാസങ്ങളായി അപമാനിച്ചുകൊണ്ട് ഇരിക്കുകയാണെന്നും ഇതിനെതിരെ പ്രതികരിച്ച ദിൽജിത് ധീരനാണെന്നും അദ്ദേഹം പറഞ്ഞു. അശ്വനിയെക്കൂടാതെ, ഹസ്നല്‍ മേത്ത, സ്വര ഭാസ്കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ദില്‍ജിത്തിന് പിന്തുണയുമായി രംഗത്തെത്തി.
ഷഹീൻബാഗ് ആക്റ്റീവിസ്റ്റ് ബിൽകിസ് ബാനുവിനെതിരെ ഗുരുതരമായ ആരോപണം കങ്കണ ഉന്നയിച്ചിരുന്നു. സി.എ.എക്കും കർഷക ബില്ലിനുമെതിരെ പ്രതികരിക്കാൻ ബിൽകിസ് ദീദി പണം വാങ്ങി എന്നാണ് കങ്കണ പറഞ്ഞത്. ദിൽജിത്തിനെ കരൺ ജോഹറിന്റെ സ്തുതിപാടകൻ എന്നാണ് കങ്കണ വിശേഷിപ്പിച്ചത്.
എന്നാൽ ഇപ്പോൾ കങ്കണക്ക് ചുട്ട മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദിൽജിത്. "താങ്കൾക്ക് എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചു പറയാം, എന്നാൽ ഒന്നോർക്കുക. ഇവർ ബോളിവുഡിൽ നിന്നുള്ളവരല്ല, പഞ്ചാബിൽ നിന്നുള്ളവരാണ്. സാമാന്യ ബുദ്ധി ഇല്ലാതെ സംസാരിക്കരുത്. അമ്മമാരെ പറ്റി പോലും ഇത്തരത്തിൽ സംസാരിക്കാൻ എങ്ങനെ ധൈര്യം വന്നു? എല്ലാവരെയും മോശം പറയുക എന്നത് താങ്കളുടെ ശീലം ആണല്ലോ, അത് തുടർന്നോളൂ". ബിൽകിസ് ബാനുവിനും 73 വയസ്സുകാരനായ കർഷകൻ മോഹിന്ദർ കൗറിനുമെതിരെയുള്ള പരാമർശത്തിനെതിരെയാണ് ദിൽജിത് പ്രതികരിച്ചത്.