കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് കായിക താരങ്ങള്‍
കര്‍ഷകര്‍ക്ക് വേണ്ടെങ്കില്‍ എന്തിന് കേന്ദ്രസര്‍ക്കാര്‍ ഈ നിയമങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്പിക്കുന്നുവെന്ന് താരങ്ങള്‍

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ച് പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് കായിക താരങ്ങള്‍. പഞ്ചാബിലെ പത്മശ്രീ, അര്‍ജുന പുരസ്കാര ജേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്. സമരം ചെയ്യുന്ന കര്‍ഷകരെ കേന്ദ്ര സര്‍ക്കാരും പൊലീസും നേരിടുന്ന രീതിയെയും താരങ്ങള്‍ വിമര്‍ശിച്ചു.
ഗുസ്തി താരവും പത്മശ്രീ ജേതാവുമായ കര്‍താര്‍ സിങ്, ഒളിംപിക് ഹോക്കി താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ രാജ്ബിര്‍ കൗര്‍, ബാസ്കറ്റ്ബോള്‍ താരം സജ്ജന്‍ സിങ് ചീമ തുടങ്ങിയവരാണ് പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഡിസംബര്‍ 5ന് ഡല്‍ഹിയിലെത്തി പുരസ്കാരങ്ങള്‍ രാഷ്ട്രപതി ഭവന് പുറത്തുവെയ്ക്കുമെന്നാണ് താരങ്ങള്‍ അറിയിച്ചത്. 150ലേറെ പുരസ്കാരങ്ങള്‍ മടക്കിനല്‍കുമെന്നാണ് താരങ്ങളുടെ മുന്നറിയിപ്പ്.
"ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. കഴിഞ്ഞ കുറേ മാസങ്ങളായി കര്‍ഷകര്‍ സമാധാനപരമായി സമരം ചെയ്യുകയാണ്. ആ സമരങ്ങളൊന്നും അക്രമാസക്തമായിട്ടില്ല. എന്നിട്ടും ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ അവര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. ഞങ്ങള്‍ കര്‍ഷകരെ പിന്തുണക്കുന്നു. ഞങ്ങള്‍ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുന്നു"- സജ്ജന്‍ സിങ് ചീമ വ്യക്തമാക്കി. പഞ്ചാബ് പൊലീസില്‍ നിന്ന് ഐജിയായി വിരമിച്ച വ്യക്തിയാണ് സജ്ജന്‍ സിങ്.
കര്‍ഷകര്‍ക്ക് വേണ്ടെങ്കില്‍ എന്തിന് കേന്ദ്രസര്‍ക്കാര്‍ ഈ നിയമങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‍പിക്കുന്നുവെന്നും താരങ്ങള്‍ ചോദിക്കുന്നു. പഞ്ചാബില്‍ നിന്നുള്ള കലാകാരന്മാരും കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.