LiveTV

Live

National

'കർഷകർ തീവ്രവാദികളല്ല, രാജ്യത്തിന്റെ നട്ടെല്ലാണ്, ഭരണകൂടം അവരെ ഭയപ്പെടുന്നു'; ചന്ദ്രശേഖര്‍ ആസാദ്

'നമ്മുടെ അമ്മമാരെയും കുട്ടികളെയുമെല്ലാം ജലപീരങ്കിയും മുള്ളുവേലികളും കണ്ണീർ വാതകവും ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചു'

'കർഷകർ തീവ്രവാദികളല്ല, രാജ്യത്തിന്റെ നട്ടെല്ലാണ്, ഭരണകൂടം അവരെ ഭയപ്പെടുന്നു'; ചന്ദ്രശേഖര്‍ ആസാദ്

കർഷകർ തീവ്രവാദികളല്ലെന്നും നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖർ ആസാദ്. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിക്ക് പുറത്ത് തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ക്ക് ഐകൃദാര്‍ഢ്യവുമായി എത്തിയപ്പോള്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ പ്രക്ഷോഭം കര്‍ഷകരുടെ നേതൃത്വത്തിലാണെന്നും പുറത്ത് നിന്നും പൂര്‍ണപിന്തുണ നല്‍കുമെന്നും എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പഞ്ചാബിൽ നിന്ന് ഡല്‍ഹിയിലേക്ക് മാർച്ച് ചെയ്ത കർഷകർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ അദ്ദേഹം തുറന്നടിച്ചു. കർഷക പ്രസ്ഥാനത്തെ സർക്കാർ ഭയപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'കർഷകരുടെ പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താനും തടയാനും കേന്ദ്രം ശ്രമിച്ചു. നമ്മുടെ അമ്മമാരെയും കുട്ടികളെയുമെല്ലാം ജലപീരങ്കിയും മുള്ളുവേലികളും കണ്ണീർ വാതകവും ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചു' അദ്ദേഹം പറഞ്ഞു.

കർഷകർ തീവ്രവാദികളല്ല, അവർ നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണ്. അവരാണ് നമുക്ക് ഭക്ഷണം നല്‍കുന്നത്. ഇങ്ങനെ അവരെ നേരിട്ടത് ഭരണകൂടം കർഷക പ്രസ്ഥാനങ്ങളെ എത്രമാത്രം ഭയപ്പെടുന്നുവെന്നതിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഈ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ട് ഭരണകൂടത്തിന് കര്‍ഷകരെ തകര്‍ക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.