കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണം തെറ്റിദ്ധാരണ, ചര്‍ച്ചകള്‍ നടക്കണം: നിതീഷ് കുമാര്‍
രാജ്യത്ത് നടക്കുന്ന കാര്‍ഷിക പ്രക്ഷോഭങ്ങളുടെ കാരണം തെറ്റിദ്ധാരണയാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

രാജ്യത്ത് നടക്കുന്ന കാര്‍ഷിക പ്രക്ഷോഭങ്ങളുടെ കാരണം തെറ്റിദ്ധാരണയാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ചില തെറ്റിദ്ധാരണകള്‍ മൂലമാണ് കര്‍ഷകരുടെ പ്രതിഷേധം നടക്കുന്നത്, സംഭരണ സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കര്‍ഷകരുമായി സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെയും ഹരിയാനയിലെയും വിവിധ സ്ഥലങ്ങളിലായി കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ഡിസംബര്‍ 3ന് ചര്‍ച്ച നടത്താമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം കര്‍ഷകര്‍ നേരത്തെ നിരസിച്ചിരുന്നു. ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പ് തന്നെ വ്യവസ്ഥകള്‍ വെക്കുന്നത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കര്‍ഷകരുടെ പക്ഷം.
സമരവേദി ബുറാഡിയിയിലേക്ക് മാറാനായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വേദി മാറാന്‍ തയ്യാറല്ലെന്നും ഉപാധി വെച്ചുള്ള ചര്‍ച്ചക്ക് തയ്യാറല്ലെന്നും കര്‍ഷകര്‍ അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെങ്കില്‍ സമരവേദിയിലേക്ക് വരണമെന്നായിരുന്നു കര്‍ഷകകരുടെ മറുപടി.
കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെ ബി.ജെ.പി തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയിലായിരുന്നു യോഗം നടന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.