ഗുവാഹത്തി ഗേള്‍സ് ഹോസ്റ്റലില്‍ പുള്ളിപ്പുലി; ഒടുവില്‍ മയക്കുവെടി വച്ച് കൂട്ടിലാക്കി
ഹെംഗേരബാരിയിലുള്ള മൗസുമി ബോറ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലില്‍ തിങ്കളാഴ്ചയാണ് പുലിയെ കണ്ടെത്തിയത്

ഗുവാഹത്തിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പുള്ളിപ്പുലി കയറിയത് നാടിനെ മുഴുവന്‍ പരിഭ്രാന്തിയിലാഴ്ത്തി. ഹെംഗേരബാരിയിലുള്ള മൗസുമി ബോറ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലില്‍ തിങ്കളാഴ്ചയാണ് പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുള്ളിപ്പുലിയെ പിടികൂടുകയായിരുന്നു.
ഹോസ്റ്റലിനുള്ളില്‍ കയറിയ പുലി സോഫയില്‍ പതുങ്ങിക്കിടക്കുകയായിരുന്നു. ഇത് കണ്ട മൗസുമി തുണിയാണെന്ന് തെറ്റിദ്ധരിച്ച് പുലിയെ തൊട്ടപ്പോഴാണ് സംഗതി പുലിവാലായെന്ന് മനസിലായത്. പെട്ടെന്ന് തന്നെ ഹോസ്റ്റലിലെ 15 അന്തേവാസികളെയും കൂട്ടി ഒരു മുറിയില്‍ കയറി വാതിലടക്കുകയും ചെയ്തു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. അസം സൂ, വൈല്‍ഡ് ലൈഫ് ഡിവിഷന്, ടെറിട്ടോറിയല്‍ ഡിവിഷന് എന്നിവരടങ്ങുന്ന സംഘം പൊലീസുമായി എത്തിയ പുലിയെ പിടികൂടി. നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിന് ശേഷമാണ് പുലിയെ പിടികൂടാനായത്. പുലിക്ക് നേരെ മയക്കുവെടി വച്ചപ്പോള്‍ പുലി സമീപത്തുള്ള വീട്ടിലേക്ക് ചാടിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. തുടര്‍ന്ന് തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിയേറ്റ പുലിയെ ഒരു കൂട്ടിലാക്കി അസം സംസ്ഥാന മൃഗശാലയിലേക്ക് കൊണ്ടുപോയതായി മൃഗശാലയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തേജസ് മാരിസ്വാമി പറഞ്ഞു. പുള്ളിപ്പുലി മയക്കം വിട്ട് ഉണരുന്നതുവരെ മൃഗശാലയിലുണ്ടാകുമെന്നും അതിന് ശേഷം എന്തെങ്കിലും മുറിവ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും. പുലിയെ കാട്ടിലേക്ക് വിടുന്നതിന് മുന്‍പ് മൈക്രോചിപ്പ് കൂടി ഘടിപ്പിക്കുമെന്ന് മാരിസാമി അറിയിച്ചു.
പുലര്‍ച്ചെയാണ് പുലി ഹോസ്റ്റല്‍ ഭാഗത്തേക്ക് പ്രവേശിച്ചതെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായെന്ന് മൌസുമി ബോറ പറഞ്ഞു. കുന്നുകളും വനങ്ങളും നിറഞ്ഞ പ്രദേശമായതിനാല്‍ ഗുവാഹത്തിയിലെ വീടുകളിലേക്ക് പുള്ളിപ്പുലികൾ പ്രവേശിക്കുന്നത് പതിവ് സംഭവമാണ്.