ഇ.ഡിയെയും സി.ബി.ഐയെയും അതിര്‍ത്തിയിലേക്ക് അയക്കൂ: ശിവസേന
ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്ന നമ്മുടെ കര്‍ഷകരെ തീവ്രവാദികളെന്ന് വിളിക്കുന്നതും കൊടുംതണുപ്പില്‍ ജലപീരങ്കി പ്രയോഗിക്കുന്നതും ക്രൂരതയെന്ന് ശിവസേന

ജമ്മു കശ്മീരിലേക്ക് പ്രവേശിക്കുന്ന തീവ്രവാദികളെ നേരിടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഉദ്യോഗസ്ഥരെ അതിർത്തിയിലേക്ക് അയയ്ക്കണമെന്ന് ശിവസേന. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നേരിടുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് ശിവസേന മുഖപത്രമായ സാമ്ന കുറ്റപ്പെടുത്തി. ഈ ഏജന്‍സികള്‍ക്ക് അവരുടെ ശൌര്യം പ്രകടിപ്പിക്കാന്‍ അവസരം നല്‍കണം. അവരെ അതിര്‍ത്തിയിലേക്ക് തീവ്രവാദികളെ നേരിടാനായി അയക്കണമെന്നും സാമ്ന എഡിറ്റോറിയല്‍ ആവശ്യപ്പെട്ടു.
കർഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നതിനെയും സാമ്ന വിമര്‍ശിച്ചു. ഉത്തരേന്ത്യയിലെ അതിശൈത്യത്തിനിടെ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിക്കുന്നത് ക്രൂരതയാണ്. ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്ന നമ്മുടെ കര്‍ഷകരെ തീവ്രവാദികളെന്ന് വിളിക്കുന്നു. എന്നാല്‍ തീവ്രവാദികള്‍ ജമ്മു കശ്മീര്‍ അതിര്‍ത്തി വഴി രാജ്യത്ത് പ്രവേശിക്കുന്നു. അവരെ തുരത്താന്‍ ഇ.ഡിയെയും സിബിഐയെയും അങ്ങോട്ട് അയക്കണമെന്നാണ് ശിവസേനയുടെ നിര്‍ദേശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നാണ് ഗുജറാത്തില്‍ സർദാർ വല്ലഭായ് പട്ടേലിന്റെ ഭീമൻ പ്രതിമ സ്ഥാപിച്ചത്. പട്ടേല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കര്‍ഷകരെ അണിനിരത്തിയ നേതാവാണ്. അദ്ദേഹം കര്‍ഷകരോടുള്ള കേന്ദ്രത്തിന്റെ സമീപനം കണ്ട് ഇപ്പോള്‍ കരയുന്നുണ്ടാവുമെന്നും സാമ്ന എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.
ഖാലിസ്ഥാൻ വിഷയം നേരത്തെ തന്നെ അവസാനിച്ചതാണ്. അതിനായി ഇന്ദിരാഗാന്ധിയും ജനറൽ അരുൺ കുമാർ വൈദ്യയും ജീവൻ കൊടുത്തു. ഈ വിഷയം വീണ്ടും കൊണ്ടുവന്ന് പഞ്ചാബിൽ രാഷ്ട്രീയ നീക്കം നടത്താനാണ് ബിജെപി ആഗ്രഹിക്കുന്നത്. തീപ്പൊരി കത്തിക്കുന്നത് രാജ്യത്തിന് തന്നെ വിനാശകരമായി തീരുമെന്നും സാമ്ന എഡിറ്റോറിയല്‍ മുന്നറിയിപ്പ് നല്കി.