കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് അമിത് ഷാ, ഒരുപാധിയില്...
കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഡിസംബർ മൂന്നിന് കർഷക പ്രതിനിധികളെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഷാ ചൂണ്ടിക്കാട്ടി

കർഷകർ സമരം അവസാനിപ്പിച്ചാൽ ചർച്ചയാവാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. നേരത്തെ കൃഷിമന്ത്രിയും കർഷകരുമായി ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചിരുന്നു. സർക്കാർ ചർച്ച നടത്താൻ തയാറാണ്. കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും സസൂക്ഷ്മം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഡിസംബർ മൂന്നിന് കർഷക പ്രതിനിധികളെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഷാ ചൂണ്ടിക്കാട്ടി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് ഇവര്‍. പലയിടത്തും, ഈ തണുപ്പിൽ കർഷകർ അവരുടെ ട്രാക്ടറുകളും ട്രോളികളുമായി ദേശീയപാതകളിൽ താമസിക്കുകയാണ്. വലിയ മൈതാനത്തേക്ക് നിങ്ങളെ മാറ്റാൻ ഡൽഹി പോലീസ് തയാറാണ്. ദയവായി അവിടേക്കുപോകണം. അവിടെ പ്രതിഷേധ പരിപാടികൾ നടത്താൻ പോലീസ് അനുമതി നൽകുമെന്നും ഷാ കൂട്ടിച്ചേർത്തു.