കോവിഡ് വാക്സിൻ ഉപയോഗത്തിന് കേന്ദ്രാനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്
അടിയന്തിര ഉപയോഗത്തിനുള്ള അപേക്ഷയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പിച്ചിരിക്കുന്നത്.

കോവിഡ് വാക്സിൻ ഉപയോഗത്തിന് കേന്ദ്രാനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വാക്സിനേഷൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയതായും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല അറിയിച്ചു. വാക്സിൻ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മോദി ഇന്ന് നിർമ്മാണ കമ്പനികൾ സന്ദർശിച്ചിരുന്നു.
അടിയന്തിര ഉപയോഗത്തിനുള്ള അപേക്ഷയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പിച്ചിരിക്കുന്നത്. ജനുവരിയോടെ ചുരുങ്ങിയത് നൂറ് മില്യൺ വാക്സിനുകൾ ഉത്പാദിപ്പിക്കാനാകുമെന്ന് പൂനാവാല പറയുന്നു. എത്രയും വേഗം വാക്സിൻ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. സർക്കാരിന് ഡോസിന് 250 രൂപക്കും, ഫാർമസികൾക്ക് ആയിരം രൂപക്കും ഓക്സ്ഫഡ് വാക്സിൻ ലഭ്യമാക്കുമെന്ന് നേരത്തെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.
പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടന് പുറമെ അഹ്മദാബാദിലെ സൈഡസ് ബയോടെക് പാർക്കിലും ഹൈദരാബാദ് ഭാരത് ബയോടെകിലും പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു. അതിനിടെ, രാജ്യത്തെ കോവിഡ് കേസുകൾ തൊണ്ണൂറ്റി മൂന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 41,322 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.